ചട്ടം ലംഘിച്ച് കടലിൽ പോയ 16 ബോട്ടുകൾക്കെതിരെ കേസ്

Thursday 24 September 2020 12:04 AM IST

വൈപ്പിൻ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹാർബറിൽ നിന്ന് പാസെടുക്കാതെ 15 ന് മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 ബോട്ടുകൾക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ മുനമ്പത്ത് അടുത്ത ബോട്ടുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫിഷറീസ് വകുപ്പ് നൽകുന്ന ബോട്ടുകളുടെ ലിസ്റ്റ് അനുസരിച്ച് തുടർന്ന് ഇനിയും അടുക്കുന്ന ബോട്ടുകൾക്കെതിരെയും കേസെടുക്കുമെന്ന് മുനമ്പം പൊലീസ് അറിയിച്ചു. ഇന്നലെ മുതലാണ് ബോട്ടുകൾക്ക് കടലിൽ പോകാൻ അനുവാദം ഉണ്ടായിരുന്നത്. പാസെടുക്കാതെ പോകുന്ന ബോട്ടുകളെ ഹാർബറിൽ അടുക്കാനും മത്സ്യം വിൽക്കുവാനും അനുവദിക്കുമെങ്കിലും ഇവർ പിഴ അടക്കുന്നത് കൂടാതെ ഒരു ടേൺ കടലിൽ പോകാൻ അനുവദിക്കുകയുമില്ല.

മുനമ്പം ഹാർബർ ഇന്നലെ തുറക്കുന്ന സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് , ആരോഗ്യം, ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥർ , ഹാർബർ മാനേജിംഗ് സൊസൈറ്റി അംഗങ്ങൾ , മത്സ്യ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ശനിയാഴ്ച വൈകീട്ട് പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിൽ എസ് ശർമ്മ എം.എൽ.എ വിളിച്ചിരുന്നു. രോഗ ബാധിതരുടെ എണ്ണം 78 ൽ നിൽക്കേയായിരുന്നു അടച്ചിടൽ നടപ്പാക്കിയത്. രോഗബാധിതരിൽ 53 പേരും ഹാർബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം രോഗികളുടെ എണ്ണം 16 ആണ്. ഹാർബർ പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ വലിയ തോതിൽ രോഗവ്യാപനം വരുമായിരുന്നു. വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ താത്കാലികമാണെന്നും വരും ദിനങ്ങളിലെ രോഗവ്യാപന തോത് മനസിലാക്കിയാകും തീരുമാനങ്ങളെന്ന് എം.എൽ.എ വ്യക്തമാക്കി.