കാപ്പ ലംഘിച്ചയാൾ വീണ്ടും അറസ്റ്റിൽ
ആലുവ: റൂറൽ ജില്ലയിൽ കാപ്പ ലംഘനത്തിന് പള്ളിപ്പുറം ചെറായി കരുത്തല വാരിശ്ശേരി അമ്പലത്തിന് സമീപം കേളന്തറ വീട്ടിൽ ആഷിക് ബാബു (22) നെതിരെ പൊലീസ് കേസെടുത്തു. മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ദേഹോപദ്രവം, കൊലപാതകശ്രമം, നരഹത്യശ്രമം, അതിക്രമിച്ചു കടക്കൽ, അന്യായമായി സംഘംചേരൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ഇയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 20 മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് ഇയാൾ സെപ്തംബർ 20ന് മുനമ്പം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന എട്ട് ഗുണ്ടകൾ ഉൾപ്പടെ റൂറൽ ജില്ലയിൽ നിന്നും 23 പേരെ കാപ്പ പ്രകാരം നാടുകടത്തിയിരുന്നു. നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കുന്നുണ്ടെന്നും, ഉത്തരവ് ലംഘിച്ചാൽ പിടികൂടി ജയിലിൽ അടക്കുമെന്നും വരും ദിവസങ്ങളിൽ ജില്ലയിൽ കാപ്പ നിയമപ്രകാരമുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും എസ്.പി അറിയിച്ചു.