കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സുരക്ഷാ സമുച്ചയം റെഡിയായി

Thursday 24 September 2020 1:53 AM IST

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തന സജ്ജമായ കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സുരക്ഷാ സമുച്ചയമായ ജി. കാർത്തികേയൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് പ്രയോജനകരമാകുന്ന നിരവധി സംവിധാനങ്ങൾ ഈ മൂന്നുനില മന്ദിരത്തിലൂടെ ഒരു കുടക്കീഴിൽ സജ്ജമാക്കിയാണ് മന്ദിര നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പകൽവീട്, ബഡ്സ് സ്കൂൾ, വനിത വിശ്രമ മുറികൾ, വൃദ്ധർക്ക് വേണ്ടിയുള്ള റിക്രിയേഷൻ ക്ലബ്. ഒന്നാം നിലയിൽ പാലിയേറ്റിവ് കെയർ സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഡിജിറ്റൽ ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ. രണ്ടാം നിലയിൽ മിനി കോൺഫറസ്‌ ഹാൾ, വനിത സ്വയം തൊഴിൽ യൂണിറ്റ്, തൊഴിൽ പരിശീലന കേന്ദ്രം. മൂന്നാം നിലയിൽ വീഡിയോ കോൺഫറസ്‌ ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ജനവിഭാഗങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന സാമൂഹ്യ സുരക്ഷാപദ്ധതികൾ പ്രയോജനപ്പെടുത്താനും ഗ്രാമീണ ജനതയ്ക്ക് മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ആർ.സി.സിയിലും നേരിട്ട് ബന്ധപ്പെടാനുമുള്ള ഇൻഫർമേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. പഞ്ചായത്തിന്റെ അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവിലാണ് സാമൂഹ്യ സുരക്ഷാസമുച്ചയം യാഥാർത്ഥ്യമായത്.