കാക്കിക്കുള്ളിൽ പിടിമുറുക്കി കൊവിഡ്
തിരുവനന്തപുരം: ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെയും തിരുവനന്തപുരത്ത് 29 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങലിൽ 9 അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും രോഗം സ്ഥീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കന്റോൺമെന്റ് എ.സി ഉൾപ്പെടെ 25 പൊലീസുകാർക്ക് കൊവിഡ് സ്ഥീകരിച്ചതിന് പിന്നാലെയാണിത്. പൊലീസുകാർക്കിടയിലെ കൊവിഡ് ബാധ നിർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർക്കിടയിൽ പരിശോധന വർദ്ധിപ്പിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതുവരെ തിരുവനന്തപുരത്ത് മാത്രം 150ഓളം പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 250ഓളം ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചെങ്കിലും സർക്കാർ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം അതിരൂക്ഷമായതോടെ പൊലീസുകാർ കടുത്ത ആശങ്കയിലും മാനസിക സമർദ്ദത്തിലുമാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ക്വാറന്റൈൻ നിഷേധിച്ച് നിർബന്ധിത ജോലി എടുപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലും സമരങ്ങൾ നിയന്ത്രിക്കാനും നിൽക്കുന്നവർക്കുമാണ് രോഗം കൂടുതൽ സ്ഥിരീകരിക്കുന്നത്. പൊലീസ് പരീശീലനം നടത്തുന്ന 10 പേർക്കും ഇതുവരെ രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിശദീകരണം. ക്യാമ്പ് ഫോളോവേഴ്സ് തുടങ്ങിയ വിഭാഗത്തിലുള്ള നാലു പേർക്കും മിനിസ്റ്റീരിയൽ ജീവനക്കാരായ അഞ്ചു പേർക്കും ഇതുവരെ രോഗമുണ്ടായി.
ജില്ലയിൽ ഇന്നലെ
നഗരത്തിലെ 11 പൊലീസുകാർക്കും തുമ്പ പൊലീസ് സ്റ്റേഷനിലെ ആറു പേർക്കും രോഗബാധയുണ്ടായി. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം പതിനേഴായി. പൊലീസ് ആസ്ഥാനത്ത് രണ്ടു പേർക്കും രോഗം ബാധിച്ചു. പ്രധാന ഗേറ്റിനു മുന്നിൽ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കാണ് രോഗബാധ. സ്‌പോർട്സ് യൂണിറ്റിലെ പത്തു പേർക്കും രോഗം സ്ഥീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് റെക്കാഡ്സ് ബ്യൂറോയിലെ 9 പേർക്കും രോഗമുണ്ടായി. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീകരണമുണ്ടായിട്ടില്ല. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ജോലി നോക്കുന്നവരിൽ ഭൂരിപക്ഷവും സമ്പർക്ക പട്ടികയിലായി. പലർക്കും തലവേദനയും തൊണ്ടവേദനയും ജലദോഷവും തുടങ്ങി രോഗലക്ഷണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥർ കുറവാണെന്ന ന്യായം പറഞ്ഞാണ് ഇവരുടെ ക്വാറന്റൈൻ നിഷേധിക്കുന്നത്.