പിടിമുറുക്കി കൊവിഡ്; ലോകത്ത് 3.20 കോടി രോഗബാധിതർ, 981,219 മരണം

Thursday 24 September 2020 6:28 AM IST

ന്യൂഡൽഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 32,083,275 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,664,197 ആയി ഉയർന്നു. 7,437,859 പേർ ഇപ്പോഴും കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 7,139,036 പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ഇന്നലെ 89,688 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ 90,000 കടന്നു. 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 91,173 പേർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 57,30,184 പേർക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 45,87,613 പേർ ഇത് വരെ രോഗമുക്തി നേടി.

സെപ്‌തംബർ രണ്ടാം തീയതി മുതൽ എല്ലാ ദിവസവും ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുദിവസം ഏറ്റവും കൂടുതൽ പേർ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ആശ്വസിക്കാൻ വക നൽകുന്നത്.