ഭീകരർക്ക് ഒളിക്കാൻ കേരളം

Friday 25 September 2020 12:00 AM IST

മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ, ഐസിസ് ഭീകരരുടെ സുരക്ഷിത താവളമായി കേരളം മാറുന്നു. ലോകത്തുള്ള ഏതാണ്ടെല്ലാ തീവ്രവാദ സംഘടനകളിലെ ഭീകരർക്കും കേരള ബന്ധമുണ്ട്. കേന്ദ്ര സർക്കാരും ഐക്യരാഷ്ട്ര സംഘടനയും ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും, പ്രാദേശിക ബന്ധമുണ്ടാക്കാതെയുമാണ് ഭീകരർ കേരളം താവളമാക്കുന്നത്. എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലാണ് ഭീകരബന്ധമുള്ളവരുടെയും താവളം. എറണാകുളത്ത് നിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടികൂടാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ എൻ.ഐ.എ സൗദിയിൽ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പൊലീസ് അറിഞ്ഞത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി രണ്ട് മാസമായപ്പോഴാണ് ,കൊച്ചിയിൽ നിന്ന് മൂന്ന് അൽക്വ ഇദക്കാരെ എൻ.ഐ.എ പിടികൂടിയത്.

കേരളം താവളമാക്കിയ തീവ്രവാദികൾ വിദേശത്തുള്ള നേതാക്കളുമായും ഫണ്ട് എത്തിക്കുന്നവരുമായും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്. സൈബർഡോം തുടങ്ങിയ സംവിധാനങ്ങളുണ്ടെങ്കിലും തീവ്രവാദികളെ നിരീക്ഷിക്കുന്നില്ല. വടക്കൻ ജില്ലകളിൽ നിന്ന് ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ് കണ്ടെത്തിയത് ഇന്റലിജൻസിലെ പത്ത് പൊലീസുകാരുടെ ഗ്രൂപ്പായിരുന്നു. സോഷ്യൽ മീഡിയയിൽ ഐസിസ് പ്രചാരണം കണ്ടെത്തി സംശയകരമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഇവർക്ക് കഴിഞ്ഞിരുന്നു. ഭീകരരുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ തീവ്രവാദ ആശയങ്ങളെ പിന്തുണയ്ക്കുന്നവരായി നടിച്ച് കയറിക്കൂടിയാണ് ഇന്റലിജൻസ് അന്ന് വിവരങ്ങൾ ചോർത്തിയത്. ഐസിസിൽ ചേരാൻ വിദേശത്തേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ഒരു ഡസനിലേറെപ്പേരുടെ യാത്ര തടയാനും അന്ന് പൊലീസിന് കഴിഞ്ഞിരുന്നു.

എൻ.ഐ.എയും ഐ.ബിയുമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർ ഫോറൻസിക് വിഭാഗമുണ്ട്. തീവ്രവാദപ്രചാരണം കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്ര്‌വെയർ ഐ.ബിക്കുണ്ട്.

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ഭീകരരുടെ പുതിയ രീതി. എക്‌സ്‌പോസ് കേരള, ഗോൾഡ് ദീനാർ, മെസേജ് കേരള എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്.

കേരള ബന്ധങ്ങൾ

  • കണ്ണൂരിൽ നിന്ന് അമ്പതോളം പേരുൾപ്പെടെ നൂറിലേറെ മലയാളികൾ ഐസിസിൽ ചേർന്നിട്ടുണ്ട്.
  • കാബൂളിൽ സിക്ക് ഗുരുദ്വാര ആക്രമിച്ചതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ.
  • 2016ൽ ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലെത്തിയ 21 മലയാളികളിൽ പകുതിയോളം സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
  • നിരോധിത തീവ്രവാദ സംഘടനയായ ബോഡോ ലാൻഡിന്റെ സജീവ പ്രവർത്തകരായ മൂന്ന് പേരെ പെരുമ്പാവൂരിൽ കണ്ടെത്തിയത് ഐബി.
  • കൊല്ലം കുളത്തുപ്പുഴയിലെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിൽ.