'കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും, സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടിയായിരുന്നു അത്': ജലീൽ 'ഒളിച്ചുപോയതിനെ' കുറിച്ച് മുഖ്യമന്ത്രി

Thursday 24 September 2020 7:02 PM IST

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് മന്ത്രി ജലീൽ 'ഒലിച്ചുപോകേണ്ട' കാര്യമില്ലായിരുന്നു എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഇതേകുറിച്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകാമെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

എന്തുകൊണ്ടാണ് അങ്ങനെ പോകേണ്ടി വന്നതെന്നും എന്താണ് അതിന്റെ സാഹചര്യമെന്നും താൻ വ്യക്തമാക്കിയതാണ്. സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള വിവേകപൂര്ണമായ ഒരു നടപടി എന്ന നിലയിൽ മാത്രമേ അതിനെ കാണേണ്ടതുള്ളൂ എന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് സംബന്ധിച്ച് കാനത്തിന് കാനത്തിന്റേതായ അഭിപ്രായം ഉണ്ടാകാം. മുഖ്യമന്ത്രി പറയുന്നു.

മന്ത്രിയെ ചോദ്യം ചെയ്യലിനായി ദേശീയ ഏജന്‍സി വിളിപ്പിച്ചാല്‍ അദ്ദേഹം പോകേണ്ടത് തന്നെയാണെന്നും എന്നാൽ അതിനായി ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. എന്തിനാണ് അങ്ങനെ പോയതെന്ന ചോദ്യത്തിന് ജലീൽ തന്നെയാണ് മറുപടി നൽകേണ്ടതെന്നും കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.