അഞ്ചാംക്ളാസുകാരിയുടെ തൂങ്ങി മരണം: അന്വേഷണം ഊർജ്ജിതം

Friday 25 September 2020 6:14 AM IST

കാസർകോട്: പതിനൊന്നു വയസുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നു. മൊബൈൽ ഫോൺ പെൺകുട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തൂങ്ങിമരിച്ച മുറി പൊലീസ് സീൽ ചെയ്തു.

ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടേയും പ്രവാസിയായ മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിയായ പവിത്രന്റെയും മകൾ അഷിത (11)യെയാണ് ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബേക്കൽ എസ്.ഐ പി. അജിത് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒരു കാരണവും കണ്ടെത്താനായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.

ആശ ജോലിക്ക് പോകുമ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചാണ് ഉണ്ടായിരുന്നത്. ഫോണിൽ ചിത്രങ്ങൾ കാണിക്കാൻ പോയപ്പോഴാണ് സംഭവം കണ്ടതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ്.