മുഖ്യമന്ത്രി ആദ്യം പരിശോധിക്കേണ്ടത് സ്വന്തം മാനസികനില: ചെന്നിത്തല
തിരുവനന്തപുരം: താനൊഴിച്ചുള്ളവരുടെ മാനസികനില തെറ്റിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മാനസികനില ആദ്യം പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പാവശ്യപ്പെട്ട് രണ്ട് കത്തുകൾ നൽകി മാസങ്ങൾ പിന്നിട്ടിട്ടും തരാത്തതിൽ പ്രതിഷേധിച്ചാണ് ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചത്. അതിന് പിന്നാലെ രാത്രിയോടെ പകർപ്പ് തന്നു.
നാട്ടിൽ അഴിമതി നടക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. ലൈഫ് മിഷനിൽ അഴിമതി വ്യക്തമാണ്. പാവങ്ങൾക്ക് വീട് നൽകുന്ന പദ്ധതിയുടെ മറവിൽ തട്ടിപ്പ് നടന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. പദ്ധതിയിൽ നിന്ന് നാല് കോടി കമ്മിഷൻ തട്ടിയെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാണ് പറഞ്ഞത്. അതിനെ ധനമന്ത്രി തോമസ് ഐസക് ശരിവച്ചു. അരുതാത്തതെന്തോ നടന്നുവെന്ന് വ്യക്തമായതിനാലാണ് മടിച്ചുമടിച്ചാണെങ്കിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് പുറത്ത് കൊണ്ടുവരാനാകൂ.