എസ്.പി.ബിയുടെ നില ഗുരുതരം

Thursday 24 September 2020 11:03 PM IST

ചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രി വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. സാദ്ധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നൽകുന്നുണ്ട്. നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് 13ന് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ സഹായം നൽകിയിരുന്നു. പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു.

സെപ്തംബർ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിട്ടില്ലെന്ന് മകൻ എസ്.പി ചരൺ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്‌.പി.ബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് 19ന് ചരൺ അറിയിച്ചിരുന്നു.