കേരള ടൂറിസത്തിന് പാറ്റാ ഗ്രാൻഡ് പുരസ്‌കാരം

Friday 25 September 2020 3:17 AM IST

തിരുവനന്തപുരം: കേരള ടൂറിസത്തിന് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (പാറ്റാ) ഗ്രാൻഡ് പുരസ്‌കാരം. വിപണന വിഭാഗത്തിൽ കേരള ടൂറിസത്തിന്റെ 'ഹ്യൂമൻ ബൈ നേച്ചർ" എന്ന പ്രചാരണ പരിപാടിക്കാണ് പുരസ്‌കാരം. ബെയ്‌ജിംഗിൽ നടന്ന തത്സമയ വിർച്വൽ അവാർഡുദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പാറ്റായുടെ മൂന്ന് ഗ്രാൻഡ് അവാർഡുകളിലൊന്നാണ് കേരളം നേടിയത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി. ബാല കിരൺ, പാറ്റാ സി.ഇ.ഒ ഡോ. മാരിയോ ഹാർഡി, മക്കാവു സർക്കാർ ടൂറിസം ഓഫീസ് ഡയറക്ടർ മറിയ ഹെലേന ദേ സെന്ന ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

ഹ്യൂമൻ ബൈ നേച്ചർ പരിപാടി മികച്ചതാണെന്ന് തെളിയിക്കപ്പെട്ടെന്നും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേരള ടൂറിസത്തിന് ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ പത്തു ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്.