'കാടുകയറിയ' ഒരു ഓഫീസ്...

Friday 25 September 2020 2:25 AM IST

തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം നീളുന്നു

കോവളം: തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് തടസമായിരുന്ന കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നടപടികൾ പൂർത്തിയായിട്ടും നിർമ്മാണം വീണ്ടും നീളുന്നതായി ആക്ഷേപം. ഇരുനില കെട്ടിടം പണിയാൻ സർക്കാർ നൽകിയ തുക ചെലവഴിക്കാതെ നിർമ്മാണാനുമതിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബർ 20 മുതൽ ഓഫീസിന്റെ ദൈനംദിന പ്രവർത്തനം മേനിലത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ഇതിനായി 30,000 രൂപയാണ് പ്രതിമാസം വാടകയിനത്തിൽ സർക്കാർ മാറ്റിവയ്ക്കുന്നത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി അടിയന്തര പ്രാധാന്യത്തോടെ അത്യാധുനിക കെട്ടിടം നിർമ്മിക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വൻതുക വാടക നൽകി ഓഫീസ് പ്രവർത്തനം മാറ്റിയത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും പുരാവസ്തുവിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലാൻ റിവൈസ് ചെയ്ത് അനുമതി നേടിയെങ്കിലും ഫയലുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് കിഫ്ബിയുടെ ഓഫീസിൽ വിശ്രമിക്കുകയാണ്. പ്രായമായവർ ഉൾപ്പെടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകാരും ആധാരമെഴുത്തുകാരുമടക്കം കാൽനടയായി വേണം പുതിയ ഓഫീസിലെത്താൻ. കൊവിഡിന് ശേഷം തിരുവല്ലം മേനിലം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സർവീസുകളും വിരളമാണ്. അധികൃതരുടെ ഇത്തരം അലംഭാവത്തിനെതിരെ ശക്തമായ ജനരോഷമുയർന്നിരിക്കുകയാണ്.

അല്പം ചരിത്രം... 1962 ലാണ് 25 സെന്റ് വരുന്ന ഭൂമിയിൽ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് ആരംഭിച്ചത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ ഇവിടെയാണ് നടക്കാറുള്ളത്. സബ് രജിസ്ട്രാർ ഉൾപ്പെടെ 8 ജീവനക്കാരും 50 ഓളം ആധാരമെഴുത്തുകാരുമാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പ്രതിമാസം ഒരു കോടിയോളം രൂപയുടെ രജിസ്‌ട്രേഷൻ ഇടപാടുകൾ ഉൾപ്പെടെ നടക്കുന്ന ജില്ലയിലെ പ്രധാന സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണമാണ് അധികൃതരുടെ അലംഭാവം കാരണം നീളുന്നത്.