നൂല്‌കെട്ട് ദിവസം കുഞ്ഞിനെ കൊന്ന് അച്ഛൻ കൊലയാളിയായി, ഭർത്താവിന്റെ മരണശേഷം ചിഞ്ചു ഉണ്ണിയുമായി അടുത്തത് ഫേസ്ബുക്കിലൂടെ, കൊലപാതകം പുറത്തറിഞ്ഞത് പൊലീസ് അന്വേഷണത്തിൽ
തിരുവനന്തപുരം: നൂലുകെട്ടിന് തൊട്ടുപിന്നാലെ നാൽപ്പത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ തിരുവല്ലത്ത് കരമനയാറ്റിലെറിഞ്ഞു കൊന്നു. നെടുമങ്ങാട് പനവൂർ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകൾ ശിവഗംഗയെയുടെ (45 ദിവസം) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ പാച്ചല്ലൂർ മാർക്കറ്റിന് സമീപം പേറയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (24)തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ചിഞ്ചു തിരുവല്ലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തിരുവല്ലം മഠത്തുനടയ്ക്ക് സമീപത്തെ ആറ്രിൽ നിന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം ഇപ്രകാരമാണ്: ചിഞ്ചു നേരത്തെ വിവാഹിതയായിരുന്നു. ഏഴുവയസുളള ഒരു കുട്ടിയുടെ മാതാവായ ചിഞ്ചുവിന്റെ ഭർത്താവ് മരണപ്പെട്ടശേഷം ഫേസ് ബുക്ക് വഴിയാണ് ഉണ്ണികൃഷ്ണനെ പരിചയപ്പെടുന്നത്. ചിഞ്ചുവും ഉണ്ണികൃഷ്ണനും പ്രണയത്തിലായി. ഇതിനിടെ ചിഞ്ചു ഗർഭിണിയായി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ചിഞ്ചു കുറച്ച് മാസങ്ങൾക്ക് മുമ്പ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടി. പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലുണ്ടായ ഒത്തുതീർപ്പിനെ തുടർന്ന് ചിഞ്ചുവും ഉണ്ണികൃഷ്ണനും നെടുമങ്ങാട്ടേക്ക് പോയി.
പ്രസവത്തെ തുടർന്ന് ചിഞ്ചുവും കുഞ്ഞും നെടുമങ്ങാട്ടായിരുന്നു. ഇന്നലെ കുഞ്ഞിന്റെ നൂൽകെട്ടായിരുന്നു. നൂൽകെട്ടിൽ പങ്കെടുത്തശേഷം കുഞ്ഞിനെ തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ കുഞ്ഞുമായി പാച്ചല്ലൂരിലേക്ക് വന്നു. ചിഞ്ചുവിന്റെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഇത്. കുഞ്ഞുമായി പോയത് ഇഷ്ടപ്പെടാതിരുന്ന ചിഞ്ചു കുഞ്ഞിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാൻ പലതവണ ഉണ്ണികൃഷ്ണനെ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടർന്ന് ചിഞ്ചു നെടുമങ്ങാട്ട് നിന്ന് പാച്ചല്ലൂരിലെ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെ അവിടെ കണ്ടില്ല. ഇതേ തുടർന്ന് ചിഞ്ചു ബഹളം കൂട്ടി. നാട്ടുകാർ ഇടപെട്ട് ചിഞ്ചുവിനെ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ച് തിരുവല്ലം സ്റ്റേഷനിലേക്ക് അയച്ചു.
കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കാണാനില്ലെന്നും കാട്ടി ചിഞ്ചു തിരുവല്ലം പൊലീസിൽ പരാതി നൽകി. ചിഞ്ചുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് ഉണ്ണികൃഷ്ണനെ രാത്രി തിരുവല്ലത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ഉപേക്ഷിച്ചതായി സമ്മതിച്ച ഉണ്ണികൃഷ്ണൻ വിശദമായ ചോദ്യം ചെയ്യലിലാണ് ആറ്റിലാണ് ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തിയത്. ഉടൻ ഇയാളുമായി സ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിൽ മുക്കി കൊന്നശേഷം മൃതദേഹം ഉപേക്ഷിച്ചതായാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.ഫോർട്ട് അസി.കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ പൊലീസ് ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തുവരികയാണ്.