സർ, ആ സൈബർ പാർക്കെവിടെ?

Saturday 26 September 2020 12:00 AM IST
ബോർഡിൽ മാത്രമൊതുങ്ങുന്ന കണ്ണൂർ എരമത്തെ സൈബർ പാർക്ക്

കണ്ണൂരിൽ ഒരു സൈബർ പാർക്ക് വേണമെന്ന ആവശ്യം കേൾക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷമെങ്കിലുമായി. എന്നാൽ ശരി ഒരു സൈബർ പാർക്ക് കണ്ണൂരിലും തുടങ്ങിക്കളയാമെന്ന് തീരുമാനിച്ചത് വി. എസ് സർക്കാരിന്റെ കാലത്താണ്. മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ഇടപെട്ടപ്പോൾ നാട്ടിലെ കുറച്ച് ചെറുപ്പക്കാർക്ക് ജോലി കിട്ടുമെന്നൊക്കെ കരുതിയവർക്ക് തെറ്റി. എന്നാൽ പഴി പറയാൻ പാടില്ലല്ലോ? കാത്തുനിൽക്കുന്നവരുടെ കണ്ണിൽ പൊടിയിടാൻ സർക്കാരിന്റെ വക സൈബർ തന്ത്രമായിരുന്നു ആ പ്രഖ്യാപനമെന്നറിയാൻ വർഷങ്ങൾ വേണ്ടി വന്നു.

പത്തുവർഷം മുമ്പായിരുന്നു അത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി. സൈബർപാർക്ക് പ്രഖ്യാപനത്തെ പൊതുപ്രവർത്തകരും യുവാക്കളുമെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ വർഷം പത്ത് കഴിഞ്ഞിട്ടും ഇതിനായി തിരഞ്ഞെടുത്ത സ്ഥലം ഭാർഗവീനിലയത്തെ തോല്‌പിക്കുന്ന പരുവത്തിലാണ്. ആകെയുള്ളത് സ്മാരകശില മാത്രം. ശിലയിട്ടവർ പോലും പാർക്കിനെ മറന്നു പോയ നിലയിലാണ്. വർഷങ്ങൾ പിന്നിട്ടിട്ടും എരമത്തെ സൈബർ പാർക്ക്‌ തറക്കല്ലിൽ തന്നെ കിടക്കുകയാണെന്നും പ്രവൃത്തി പൂർത്തികരിച്ച് തുറന്നു കൊടുക്കാൻ നടപടികൾ ഉണ്ടാകണമെന്ന് വ്യക്തമാക്കി നിരവധി സംഘടനകൾ ഇപ്പോൾ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും മറ്റും നിവേദനം നൽകിയിട്ടുണ്ട്. ഉത്തര മലബാറിലെ ഐ.ടി മേഖലയുടെ സമ്പൂർണ വികസനത്തിനായി തറക്കല്ലിട്ട എരമത്തെ ഐ.ടി പാർക്ക് സമൂഹത്തെ നോക്കി പല്ലിളിക്കുകയാണ്. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് മതിൽക്കെട്ടിനുള്ളിൽ കാടുപിടിച്ചു കിടക്കുന്നതെന്നും ശ്രദ്ധേയം.

കേരളത്തിലെ ഐ.ടി രംഗത്തെ വികസനത്തിനായി മൂന്നു മേഖല തിരിച്ചാണ് പദ്ധതി ആലോചിച്ചത്. ദക്ഷിണ മേഖലയിൽ ടെക്‌നോ പാർക്കും മദ്ധ്യകേരളത്തിൽ ഇൻഫോ പാർക്കും ഉത്തര മേഖലയിൽ സൈബർ പാർക്കും. ടെക്‌നോപാർക്കും ഇൻഫോ പാർക്കും ആരംഭിച്ചു ആയിരകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടും സൈബർ പാർക്ക് മാത്രം യാഥാർത്ഥ്യമായില്ല. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് പാർക്ക്‌ വിഭാവനം ചെയ്തത്. മൂന്നിടങ്ങളിലും ഒരു കമ്പനിയുടെ കീഴിൽ തന്നെയായി സൈബർ പാർക്ക്‌ ലിമിറ്റഡ് എന്ന പേരിലാണ് പദ്ധതി മുന്നോട്ട് വച്ചത്. ഇതിനായി കമ്പനിക്ക് ഒരു സി .ഇ. ഒ യെയും നിയമിച്ചിരുന്നു. 2010 ൽ സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതിയുടെ താത്‌പര്യ പ്രകാരം പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമം എന്ന സ്ഥലം പാർക്കിനായി തിരഞ്ഞെടുത്തു. പാർക്ക് നിർമ്മിക്കാനായി മിച്ചഭൂമി ഏറ്റെടുത്തതിൽ നിന്നും 25 ഏക്കർ ഭൂമി കണ്ടെത്തി. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമപ്രദേശത്താണ് എരമത്തെ സ്ഥലം. ആളുകൾക്ക് കടന്നെത്താൻ വളരെയധികം പ്രയാസം ആയിരുന്നു. ഇവിടെ റോഡ് നിർമിക്കാൻ സ്ഥലം അക്വയർ ചെയ്തു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് 25 ഏക്കർ ഭൂമിക്കു ചുറ്റും വലിയ ചുറ്റുമതിലും നിർമ്മിച്ചു. മറ്റു നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. അതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരികയും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. പി.കെ കുഞ്ഞാലികുട്ടി ഐ. ടി- വ്യവസായ മന്ത്രിയായി ചുമതലയേറ്റെടുത്തു. ദിശ ചെയർമാൻ സി. ജയചന്ദ്രൻ അടക്കമുള്ളവർ സൈബർ പാർക്ക് സ്ഥാപിക്കുന്നതിനായി നടപടിയെടുക്കണം എന്നാവശ്യപെട്ട് മന്ത്രിയെ സമീപിച്ചു. വിമാനത്താവളത്തിന്റെ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നതിനാൽ അതിനു സമീപം എവിടെയെങ്കിലും ഐ.ടി പാർക്ക് സ്ഥാപിക്കുന്നതായിരിക്കും ഉചിതമെന്ന് മന്ത്രി അറിയിച്ചു. ഇതിനോട് അന്നത്തെ കണ്ണൂർ എം.പിയായ പി.കെ ശ്രീമതിയും യോജിച്ചു. അർബൻ മേഖലയിൽ സൈബർ പാർക്ക് വേണ്ടെന്നും റൂറൽ മേഖലയിൽ മതിയെന്നുമായിരുന്നു സർക്കാർ പോളിസി. പ്രതിപക്ഷ പ്രതിഷേധം ഇല്ലാതിരിക്കാനും കഴിഞ്ഞ സർക്കാർ പദ്ധതിയായതിനാലും എരമം പദ്ധതി ഒഴിവാക്കാതെ അതിനു രണ്ടാം പരിഗണന കൊടുക്കാമെന്നും മട്ടന്നൂരിനടുത്ത് സൈബർ പാർക്ക്‌ തുടങ്ങാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ വിമാനത്താവള നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പു വരികയും യു.ഡി.എഫ് സർക്കാർ മാറുകയും ചെയ്തു. പിന്നീട് വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മട്ടന്നൂർ നിയോജക മണ്ഡലം എം.എൽ.എ ആയ ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായി. ഐ.ടി വകുപ്പ് മുഖ്യമന്ത്രി ആയ പിണറായി വിജയൻ തന്നെ ഏറ്റെടുത്തു. രണ്ടുപേരും കണ്ണൂർ ജില്ലക്കാർ ആയതിനാൽ പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ മട്ടന്നൂരിലോ എരമത്തോ സൈബർ പാർക്ക്‌ സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. മുൻ ഇടതുസർക്കാരിന്റെ സ്വപ്‌നപദ്ധതിയായ സൈബർ പാർക്ക് സ്ഥാപിക്കാൻ ഈ ഇടതു മുന്നണി സർക്കാരും താത്‌പര്യം എടുത്തില്ല.