മയക്കുമരുന്ന് കേസിൽ കന്നഡ നടി അനുശ്രീയ്ക്ക് നോട്ടീസ്

Saturday 26 September 2020 12:00 AM IST

മംഗളൂരു: മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് കന്നഡ ടി.വി അവതാരകയും നടിയുമായ അനുശ്രീക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് അയച്ചു.

മംഗളൂരു സ്വദേശിനിയായ അനുശ്രീ നിലവിൽ ബംഗളൂരുവിലാണ് സ്ഥിരതാമസം. നൃത്തസംവിധായകനായ കിഷോർ അമാൻ ഷെട്ടിയെയും അദ്ദേഹത്തിന്റെ സുഹൃത്ത് അകീലിനെയും കഴിഞ്ഞ 19ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് പൊലീസ് നഗരത്തിലെ മയക്കുമരുന്ന് ശ്യംഖലയെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇവരുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യാനായി നോട്ടീസ് അയയ്ക്കുകയാണ്.

കിഷോർ അമാൻ ഷെട്ടിയുമായും തരുണുമായും അനുശ്രീക്ക് അടുത്ത പരിചയമാണുള്ളതെന്നും അതിനാലാണ് പൊലീസ് നോട്ടീസ് അയച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

ഇന്നലെ ബംഗളൂരുവിലെ അനുശ്രീയുടെ വസതിയിൽ എത്തിയ മംഗളൂരു പൊലീസ് നോട്ടീസ് കൈമാറുകയായിരുന്നു. നടിയുടെ സൗകര്യത്തിന് അനുസരിച്ച് ഹാജരാകണമെന്നാണ് നിർദ്ദേശം.

 തരുണിനെയും കിഷോറിനെയും അറിയാം. പക്ഷേ, ലഹരിയുമായി ബന്ധപ്പെട്ട ഒരു പാർട്ടിക്കും പോയിട്ടില്ല. പൊലീസിന് മുമ്പിൽ ഹാജരായി ആവശ്യമായ വിവരങ്ങൾ നൽകും.

-അനുശ്രീ