മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല, കണ്ടെടുത്തവ റിയയുടേത്: രാകുൽ

Saturday 26 September 2020 12:00 AM IST

മുംബയ്: താൻ ലഹരി ഉപയോഗിക്കുകയോ കടത്തുകയോ ചെയ്തിട്ടില്ലെന്നും തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ലഹരി വസ്തുക്കൾ റിയ ചക്രവർത്തിയുടേതാണെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി നടി രാകുൽ പ്രീത് സിംഗ്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് രാകുലിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ ചോദ്യം ചെയ്തത്.

ലഹരിക്കടത്തുകാരുമായി ബന്ധമില്ലെന്ന് പറഞ്ഞ നടി, റിയയുമായി ഡ്രഗ് ചാറ്റ് നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെ 11 ഓടെയാണ് രാകുൽ എൻ.സി.ബി ആസ്ഥാനത്ത് ഹാജരായത്.

നടി ദീപിക പദുകോണിന്റെ ടാലന്റ് മാനേജർ കരിഷ്‌മ പ്രകാശിനേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

 ദീപികയെ ഇന്ന് ചോദ്യം ചെയ്യും

നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ഡ്രഗ് ചാറ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ദീപിക എന്നാണ് റിപ്പോർ‌ട്ടുകൾ. അതേസമയം, കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിലെ സംവിധായകൻ ക്ഷിതിജ് പ്രസാദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തു. എൻ.സി.ബി ആസ്ഥാനത്ത് എത്തിച്ച ഇയാളിൽ നിന്ന് പിടിച്ചെടുത്ത ലഹരിപദാർത്ഥത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനിക്കുക

അതിനിടെ, സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമനിഗമനത്തിലെത്താൻ സി.ബി.ഐ എടുക്കുന്ന കാലതാമസത്തിനെതിരെ കുടംബം രംഗത്തുവന്നു. സുശാന്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് റിയയാണെന്ന് അദ്ദേഹത്തിന്റെ ഫാം ഹൗസ് മാനേജർ അറിയിച്ചു.

സുശാന്തിന്റെ മരണം ആത്മഹത്യ അല്ലെന്നായിരുന്നു അഭിഭാഷകൻ വികാസ് സിംഗിന്റെ പ്രതികരണം.