ബത്തേരി​ പട്ടണത്തി​നടുത്ത് വീണ്ടും കടുവയിറങ്ങി

Saturday 26 September 2020 12:15 AM IST

കടുവ ഭക്ഷിച്ച മാനിന്റെ ശരീരാവശിഷ്ടങ്ങൾ വനപാലകർ കടുവയെ നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിക്കുന്നു

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തി​നടുത്ത് ജനങ്ങൾ തിങ്ങിപാർക്കുന്ന കുപ്പാടിയിൽ കടുവയിറങ്ങി. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പാതി ഭക്ഷിച്ച മാനിന്റെ അവശിഷ്ടം കണ്ടതോടെയാണ് കടുവയുടെ സന്നിദ്ധ്യം അറിഞ്ഞത്. വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും കടുവയാണന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് കുപ്പാടി കടമാൻ ചിറ ഗ്രൗണ്ടിന് സമീപം ഫാ. എകെ.വർഗ്ഗീസിന്റെ തോട്ടത്തിൽ കടുവ പാതി ഭക്ഷിച്ച ഒരു മാനിന്റെ ശരീരാവശിഷ്ടം കണ്ടത്. തോട്ടത്തിൽ കയറിയ മ്ലാവിനെ ഓടിച്ചുവിടുന്നതിനിടെയാണ് സമീപവാസി പറമ്പിൽ മാനിന്റെ അവശിഷ്ട്ടങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം കണ്ട തലയും കൊമ്പുകളും ഇന്നലെ കടുവ വന്ന് ഭക്ഷിക്കുകയും ചെയ്തു. പിടികൂടുന്ന ഇരയെ മുഴുവൻ തിന്നാതെ പഴകുന്നതിനായി ഇട്ടിട്ടുപോവുകയും അടുത്ത ദിവസം വന്ന് തിന്നുകയും ചെയ്യുന്ന സ്വഭാവമാണ് കടുവകൾക്ക് ഉള്ളത്. കടുവ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ബത്തേരി പട്ടണത്തോട് ചേർന്ന കട്ടയാട് കടുവയിറങ്ങിയിരുന്നു. ഇത് പിന്നീട് ബീനാച്ചി എസ്റ്റേറ്റിലെ വനമേഖലയിലേക്ക് പോയി.

കഴിഞ്ഞ മാസം പുൽപ്പള്ളിയിൽ വെച്ച് ചെതലയം റെയിഞ്ചർ ടി.ശശികുമാറിനെ കടുവ ആക്രമിച്ചി​രുന്നു. രണ്ടാഴ്ച മുമ്പാണ് പാപ്ലശ്ശേരിയിൽ കുളിക്കാൻ പോയ യുവാവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നേരത്തെ പുൽപ്പള്ളിയിലും വടക്കനാടും ഓരോരുത്തരെ കടുവ പിടികൂടി തിന്നി​രുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളെ കൂട് വെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.