അമ്മ അറിയാതെ
എല്ലാവർക്കും വേണ്ടിയാണ് ആദ്യം രാമപ്രഭുവിനെ വിവാഹം കഴിക്കാമെന്ന് സമ്മതം മൂളിയതെങ്കിലും ഇപ്പോൾ ആ മാനസികാവസ്ഥയിലല്ല താനെന്ന് തളിരിന് ബോദ്ധ്യമായി. താൻ പ്രഭുവിനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. തളിർ വിവാഹവസ്ത്രങ്ങളൊരുക്കാനും മറ്റു ഒരുക്കങ്ങൾക്കും മുന്നിൽ തന്നെ നിന്നു.
''ഒട്ടും ആർഭാടം വേണ്ട മാനസിയമ്മേ. രജിസ്റ്റർ ഓഫീസിൽ വച്ചൊരു മാലയിടലും താലികെട്ടും പിന്നെ രജിസ്റ്ററിൽ ഒപ്പിടുക. അതുമാത്രം മതി ചടങ്ങ്. എനിക്ക് ലളിതമായ ഒരു സന്ദർഭമാണിഷ്ടം."" തളിർ രാമപ്രഭുവിനോടും ആ ആഗ്രഹം വ്യക്തമാക്കി. '' എനിക്കും അതുതന്നെയാണ് അഭിപ്രായം തളിർ. ഞാനത് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. പിന്നെ എനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞോ അതിനുമുമ്പോ എറണാകുളത്തപ്പന്റെ സന്നിധിയിലൊന്നു പോകണം." വിവാഹത്തിന ് മുമ്പുള്ള ദിവസം മാനസിയും രുക്കുവും എറണാകുളത്തെത്തി. അമ്പലത്തിലെ പൂജാരിയോട് അർച്ചനയ്ക്കായി നക്ഷത്രം പറഞ്ഞുകൊടുത്തപ്പോൾ മാനസി അമ്മയും അടുത്തുണ്ടായിരുന്നു. രുക്കു പൂജാരിയോട് തളിരിന്റെ നക്ഷത്രം പറഞ്ഞു. ''അത്തം നക്ഷത്രം"" അതുകേട്ട് മാനസി ഒന്ന് ഞെട്ടി. മാനസി ചോദിച്ചു: '' അപ്പോൾ നീയും ഞാനും ഒരേ നക്ഷത്രത്തിലെ കുഞ്ഞുങ്ങളെയാണോ പ്രസവിച്ചത്?"" '' അതെനിക്കറിയില്ല മാനസി. തളിർ അത്തമാണ്. മിഥുനമാസത്തിലെ അത്തം"" വീണ്ടും മാനസി അമ്പരന്നു. '' ങേ എന്റെ മാനസി മോളും മിഥുനമാസത്തിലാണ്. അത്തത്തിനും ചിത്തിരയ്ക്കുമിടയിലാണ്. രണ്ടുനാളിനും അർച്ചന നടത്തും."" അത്ഭുതംകൂറി നിന്ന നാലുമിഴികൾ. '' അവൾ വയറീന്ന് പുറത്തുവരാൻ കുറേ പാടുപെട്ടു. അതാ അവൾക്ക് അലസ എന്ന പേരിട്ടത്. ശാന്തനുവിനോടും പറയണം ഇക്കാര്യം."" അവർ ചന്ദനം നെറ്റിയിലിട്ടു. തുളസിക്കതിരെടുത്ത് തലയിൽ ചൂടി. ''ഇനി രജിസ്റ്റർ ഓഫീസിലേക്ക്. ഭക്ഷണം അതിനുമുമ്പേ കഴിക്കണം"" മാനസിയുടെ ബാഗിനുള്ളിൽ മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. മാനസി ബാഗിൽ നിന്ന് മൊബൈലെടുത്ത് നോക്കി. '' അയ്യോ മഗ്ദലനയാ. അഞ്ച് മിസ്ഡ് കോൾ കിടക്കുന്നു. നമ്മൾ ക്ഷേത്രത്തിൽ പോകുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ"" '' എല്ലാകാര്യവും വിശദമായി ഞാൻ പറഞ്ഞിരുന്നു. ഇതുമാത്രം വിട്ടുപോയി."" '' എന്തായാലും നീ മഗ്ദലന സിസ്റ്ററെ ഒന്നു വിളിക്ക്"" രുക്കു പറഞ്ഞു. മാനസി മഗ്ദലനസിസ്റ്ററിനെ വിളിച്ചു. '' ഞങ്ങൾ വെളുപ്പിനെ എറണാകുളത്തപ്പനെ കണ്ട് തൊഴാൻ വന്നു. ഇപ്പോൾ ഭാരത് ഹോട്ടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. സിസ്റ്റർ അങ്ങ് എത്തുമല്ലോ അല്ലേ?"" ''വരും വരും. ഒൻപതരയ്ക്കും പത്തിനുമിടയിലല്ലേ മുഹൂർത്തം "" സിസ്റ്റർ ചോദിച്ചു. '' അതെ സിസ്റ്റർ"" ''രാമപ്രഭു വന്ന് കൂട്ടാമെന്നാ പറഞ്ഞിരിക്കുന്നത്. ഞങ്ങൾ ചെറായിൽ നിന്നാ വരുന്നത്. നിങ്ങൾ എത്തുന്നതിനു മുമ്പേ ഞങ്ങളെത്തിയെന്നിരിക്കും."" '' മഗ്ദലനയുടെ ശബ്ദത്തിൽ വല്ലാത്ത സന്തോഷം"" ഫോൺ കട്ട് ചെയ്തതിനുശേഷം മാനസി രുക്കുവിനോട് പറഞ്ഞു. '' അനാഥനാണെങ്കിലും പ്രഭു ഭാഗ്യമുള്ളവനാണ് രുക്കു. ഇത്രയും ഉന്നതിയിലെത്തിയില്ലേ? അവന്റെ അദ്ധ്വാനശീലമാണിതിനൊക്കെ കാരണം."" രുക്കുവും അത് സമ്മതിച്ചു. '' എന്താണെന്നറിയില്ല മഗ്ദലനയ്ക്കും പ്രഭുവിനോട് വല്ലാത്ത ഒരടുപ്പമുണ്ട്. ശരിക്കും നമ്മളെപോലെ തന്നെ. ഒരുപക്ഷേ അവന്റെ പെരുമാറ്റമാവും. ആരുടെ ശാപവും ഇന്നേവരെ പിടിച്ചുവാങ്ങിക്കാത്ത ഒരു പയ്യൻ. ഈശ്വരൻ കളങ്കമില്ലാത്തവരെ രക്ഷിച്ചു."" ഭാരത് ഹോട്ടലിനുമുന്നിൽ കാർ നിന്നു. ഗ്ലാസ് ഡോർ തുറന്ന് ഹോട്ടലിനുള്ളിലേക്ക് കയറുമ്പോൾ മുന്നിലെ സോഫയിൽ ശ്രീഗോവിന്ദും അലസയും ഇരിക്കുന്നുണ്ടായിരുന്നു. '' വരൂവരൂ... ഞങ്ങൾ നിങ്ങളെ വെയ്റ്റ് ചെയ്യുകയായിരുന്നു. ഭക്ഷണം കഴിക്കാൻ. വല്ലാതെ വിശക്കുന്നു."" '' രുക്കുവാന്റീ... തളിരെവിടെ?"" ''ശാന്തനു അങ്കിളും തളിരും കാന്തിമോളുമായിട്ട് വരും "" '' ദാ അവർ വന്നല്ലോ."" ലിഫ്റ്റിൽ നിന്ന് ഇറങ്ങിവരുന്നുണ്ടായിരുന്നു അവർ. ഡൈനിംഗ് ഹാളിലിരുന്ന് ഫുഡ് പരസ്പരം ഷെയർ ചെയ്ത് കഴിക്കുന്ന ശ്രീഗോവിന്ദിനെയും അലസയേയും കണ്ട് രുക്കു സന്തോഷിച്ചു. ഇങ്ങനെ എന്നും അവർ മാനസിക ഐക്യത്തോടെ കഴിയണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ******************* രണ്ടുകാറുകളിൽ രജിസ്റ്റർ ഓഫീസിന്റെ നടയിലെത്തി. ഓഫീസിന്റെ തിണ്ണയിൽ കിടന്നിരുന്ന ബെഞ്ചിൽ മഗ്ദലന സിസ്റ്ററും രാമപ്രഭുവും ഇരിക്കുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങുന്നത് കണ്ട് മഗ്ദലന സിസ്റ്റർ എഴുന്നേറ്റു. മാനസി തളിരിനോട് പറഞ്ഞു. '' നീ മുതിർന്നവരുടെ അനുഗ്രഹം വാങ്ങിക്കോളൂ."" മാനസി പറഞ്ഞത് തളിർ അനുസരിച്ചു. എല്ലാവരുടെയും പാദം തൊട്ടുതൊഴുതു. എല്ലാവരുടെ കണ്ണിലും സന്തോഷാശ്രുക്കൾ ഉരുണ്ടുകൂടി. രജിസ്റ്റാർ ബുക്കിൽ ഒപ്പ് ഇടിച്ചു. പിന്നെ സാക്ഷികളെക്കൊണ്ടും. ചടങ്ങുകൾ അവസാനിച്ച് എല്ലാവരും പുറത്തിറങ്ങി. '' എല്ലാവരും ഇനി മാവേലിക്കരയിലെ വീട്ടിലേക്കാണ് യാത്ര. മഗ്ദലന സിസ്റ്ററും ഞങ്ങളോടൊപ്പം വരണം. അവിടെ ഒത്തുകൂടാം."" '' ഇല്ലെങ്കിലും ഞാൻ അങ്ങോട്ട് വരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. നിങ്ങൾ വിളിച്ചില്ലെങ്കിലും ഞാൻ വരും"" മഗ്ദലന പറഞ്ഞു. '' അതെന്താ സിസ്റ്റർ?""അതേ സ്വരത്തിൽ മാനസി ചോദിച്ചു. '' മറ്റൊന്നുമല്ല. എനിക്കാപഴയ കാലഘട്ടത്തിലേക്കൊന്ന് യാത്രചെയ്യണം. ചിലതൊക്കെ പറയണം. ചിലതൊക്കെ ചോദിക്കണം. ആരും കള്ളം പറയരുത്."" '' നീയെന്താ ക്രോസ് വിസ്താരം നടത്താൻ പോവുകയാണോ?"" മാനസി തമാശയായി ചോദിച്ചു രുക്കു മൗനം പാലിച്ചുനിന്നു. എല്ലാവരും കാറിൽ കയറി. ഊണിന് സമയമായപ്പോഴാണ് വീട്ടിലെത്തിയത്. ഒരു വിവാഹവീടിന്റെ ചെറിയ മോടിപിടിപ്പിക്കലൊക്കെ ആ വീട്ടിലുണ്ടായിരുന്നു. വിഭവസമൃദ്ധമായ സദ്യയും. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഡ്രോയിംഗ് റൂമിലിരുന്നു. '' രുക്കു നീ നിന്റെ മരുമകനായി വന്ന രാമപ്രഭുവിനെ എത്രവയസ് തൊട്ടറിയും?"" മഗ്ദലന സിസ്റ്റർ ആരും പ്രതീക്ഷിക്കാത്തൊരു ചോദ്യം ചോദിച്ചു. '' ഒരു പത്തിരുപത് വയസിലാണെന്ന് തോന്നുന്നു സിസ്റ്റർ. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് റിസോർട്ട് പണിയുന്ന കാലത്ത്"" രുക്കു മറുപടി പറഞ്ഞു. '' രുക്കുവിന് തെറ്റിപ്പോയി"" മഗ്ദലന സിസ്റ്റർ പറഞ്ഞു. '' പിന്നെ?"" രുക്കു ആകാംക്ഷയോടെ ചോദിച്ചു. ''അവന്റെ ഏഴ്, എട്ട് വയസിൽ നീ അവനെ കണ്ടിട്ടുണ്ട്. അവൻ നിന്നെയും കണ്ടിട്ടുണ്ട് ആ പ്രായത്തിൽ"" '' അയ്യോ അതെങ്ങനെ? എവിടെവച്ച്?"" അവിടെ കൂടിയിരുന്നവരുടെ മുഖങ്ങളിലെല്ലാം അമ്പരപ്പ്. ''എന്നു വച്ചാൽ ശരിക്കും ഈ തളിർ അവനുമാത്രം അവകാശപ്പെട്ട പെണ്ണാണ്. മറ്റാർക്കുമല്ല"" '' ങേ?"" എല്ലാവരും ഒരേ സ്വരത്തിൽ ആശ്ചര്യപ്പെട്ടു. മഗ്ദലന സിസ്റ്റർ ഏതോ രഹസ്യം വെളിപ്പെടുത്താനെന്ന ഭാവത്തിൽ തുടക്കമിട്ടു. രുക്കു തരിച്ചിരുന്നു. അവളുടെ മുഖത്ത് തീരെ രക്തപ്രസാദമില്ലായിരുന്നു. '' ഒന്നു തെളിച്ചുപറയൂ സിസ്റ്ററേ"" '' രുക്കൂ നിനക്കോർമ്മയുണ്ടോ? നീ ഇവന്റെ കൈയീന്നാ തളിരിനെ തട്ടിപ്പറിച്ചത്, വർഷങ്ങൾക്ക് മുമ്പ്. അതെങ്ങനെയാണെന്നിവൻ പറയും"" സിസ്റ്റർ രാമപ്രഭുവിനെ നോക്കി പറഞ്ഞു. '' ഇനി അന്ന് നടന്നതൊക്കെ നീ തന്നെ പറഞ്ഞോളൂ."" '' അപ്പോൾ തളിർ രുക്കുവിന്റെ മകളല്ലേ? പിന്നെ ആരുടെ മകളാ?"" ശാന്തനുവും അതേ ചോദ്യം ചോദിച്ചു. രാമപ്രഭു പഴയ സംഭവം പറഞ്ഞുതുടങ്ങി. '' ഞാൻ ലിസി ഹോസ്പിറ്റലിലെ വേസ്റ്റ് പേപ്പർ ശേഖരിക്കുന്ന ഒരനാഥ കുട്ടിയായിരുന്നു. അങ്ങനെ ഹോസ്പിറ്റലിന്റെ ചുറ്റുവട്ടത്ത് നടക്കുമ്പോൾ ഒരു സന്ധ്യയ്ക്ക് മോർച്ചറിയുടെ നടയിലുമെത്തി. മോർച്ചറി വാച്ചർ സാരിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ തറയിൽ വച്ചിട്ട് മോർച്ചറിയുടെ വാതിൽ തുറക്കുകയായിരുന്നു. വെറുതെ ഒരു രസത്തിന് അത് നോക്കിനിന്നപ്പോഴാണ് ചോരക്കുഞ്ഞ് അനങ്ങുന്നത് കണ്ടത്. മരിച്ചുപോയ കുഞ്ഞാണെന്ന് കരുതി മോർച്ചറിയിലേക്കെറിയപ്പെട്ടതാണെന്ന് എനിക്ക് മനസിലായി. എന്തായാലും സഹോദരങ്ങളോ മറ്റാരുമോ ഇല്ലാത്ത ഞാൻ ആ കുഞ്ഞിനെ വാരിയെടുത്ത് കൊണ്ട് ഓടിപ്പോയി."" '' എന്നിട്ട്?"" '' അന്ന് ഈ രുക്കുവമ്മ ഞാനൊരു മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് എന്റെ പിന്നാലേ ഓടി അടുത്തു. ഞാൻ കുഞ്ഞിനെയും കൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എന്റെ കാൽ കല്ലിൽതട്ടി മറിഞ്ഞുവീണു. എഴുന്നേൽക്കാനാവാതെ കാൽ മുറിഞ്ഞു. കുഞ്ഞ് അല്പം ദൂരെയായി തെറിച്ചുവീണു. ആ കിടപ്പിൽ കിടന്നു കൊണ്ട് ഞാൻ കുഞ്ഞിനെ എത്തിപ്പിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കുഞ്ഞിനെ എടുത്തുകൊണ്ട് ഓടിയ ഈ അമ്മയെ ഞാൻ വ്യക്തമായി കണ്ടു. ഞാനന്ന് തൊട്ട് ഈ അമ്മയെ അന്വേഷിച്ച് നടന്നു. ഒടുവിൽ കണ്ടെത്തി. പിന്നെ റിസോർട്ടിൽ പണിക്കാരനായി കൂടി. ഞാനന്ന് അവരുടെ മുഖത്ത് കടിച്ച പാട് ദാ ഇന്നും രുക്കുഅമ്മയുടെ മുഖത്തുണ്ട്."" '' മതി പ്രഭു... നീ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്. നീ കുഞ്ഞിനെ മോഷ്ടിച്ച് കൊടുക്കുന്ന ഭിക്ഷാടനസംഘത്തിലെ പയ്യനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. പക്ഷേ ഞാനിവളെ പ്രസവിച്ചതാണെന്ന് പറഞ്ഞാ അന്നുതൊട്ട് ആലുവയിലെ ഓർഫനേജിൽ കൂടിയത്. ഇത്തമ്മ സിസ്റ്റർ എന്നെ എല്ലാത്തിനും സഹായിച്ചു."" ''പക്ഷേ രുക്കുവമ്മേ ആദ്യം കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ടപ്പോൾ മോർച്ചറിയിലെ വാച്ചർ എന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഞാൻ നടന്ന സത്യങ്ങൾ പറഞ്ഞു. ആ ഹോസ്പിറ്റലിൽ അന്ന് ഏതോ ഒരമ്മ രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നവത്രേ. അതിലൊന്നിന് ശ്വാസമില്ലായിരുന്നു. ചാ പിള്ളയായതുകൊണ്ട് മോർച്ചറിയിൽ കൊണ്ടുപോയതായിരുന്നു. അപ്പോഴാണ് ആ കുഞ്ഞ് അനങ്ങുന്നത് എന്റെ കണ്ണിൽപ്പെട്ടത്. ആ വാച്ചറിന്റെ പേരിൽ ആ വീട്ടുകാർ പിന്നീട് കേസ് കൊടുത്തുവെന്നൊക്കെ പിന്നീടറിഞ്ഞു"" ''ആ കുഞ്ഞ്?"" പൊട്ടിക്കരഞ്ഞുകൊണ്ട് മാനസി ചോദിച്ചു. ഒപ്പം ശാന്തനുവും. ''ആരും കരയണ്ട. ആ കുഞ്ഞാണ് ഈ നിൽക്കുന്ന എന്റെ ഭാര്യയായ തളിർ. രുക്കുവമ്മയുടെ മകൾ."" ശാന്തനുവിന് എല്ലാം ഓർമ്മവന്നു. ആ കുഞ്ഞ് മരിച്ചതായി തന്നെ എല്ലാവരും വിശ്വസിച്ചിരുന്നു. മരിച്ച കുഞ്ഞിന്റെ ശരീരം വാച്ചർ ആർക്കോ വിറ്റു എന്നായിരുന്നു കേസ്. '' അപ്പോൾ ഇവളെന്റെ മൂത്തമകളാ - തളിർ"" മാനസിയമ്മ തളിരിനെ കെട്ടിപ്പിടിച്ച് മാറോട് ചേർത്തു പൊട്ടിക്കരഞ്ഞു. ''മോളേ നീ എന്നെ അമ്മേന്ന് വിളിക്കൂ"" '' അപ്പോൾ എന്നെയോ"" അലസ പൊട്ടിക്കരഞ്ഞു. അലസയും തളിരിനെ ആലിംഗനം ചെയ്തു. എല്ലാം കണ്ടും കേട്ടും ശ്രീഗോവിന്ദ് അല്പം മാറി നിൽക്കുന്നുണ്ടായിരുന്നു. ''മോളേ തളിർ... ഇനി നിന്റെ യഥാർത്ഥ അമ്മ ഈ മാനസിയാണ്. ഇത്രയും കാലം നിന്നിൽ നിന്ന് ഈ രഹസ്യം ഞാൻ ഒളിപ്പിച്ചു വച്ചതിന് മാപ്പ്. "" രുക്കു തളിരിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവർ കണ്ണുതുടച്ചു. '' അമ്മേ അരുത്. എനിക്കെന്നും എന്റെ അമ്മ രുക്കുവമ്മ എന്നറിയാനാണിഷ്ടം. അതിന് മാറ്റമില്ല. അതെ... അതാണെനിക്കിഷ്ടവും"" രാമപ്രഭുവും പറഞ്ഞു. ഇനിയും വല്ല രഹസ്യവുമുണ്ടോ? ശ്രീഗോവിന്ദ് ഒരു തമാശ ചോദിച്ചു. ''ങും ഇനിയുമുണ്ട് പറയാത്ത രഹസ്യങ്ങൾ."" തളിർ പുഞ്ചിരിച്ചു. (അവസാനിച്ചു)