നുണകളും തെറ്റായ വിവരങ്ങളും യുദ്ധക്കൊതിയും മാത്രമാണ് പ്രസ്‌താവനയിലുളളത്; ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Saturday 26 September 2020 3:56 PM IST

ന്യൂഡൽഹി: യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യൻ പ്രതിനിധി. യുക്തിഭദ്രമായ ഒരു നിർദേശവും ലോകത്തിന് നൽകാനില്ലാത്തവന്റെ, സ്വയം ഒന്നും എടുത്തുകാട്ടാനില്ലാത്തവന്റെ നിഷ്ഫലമായ വായാടിത്തം മാത്രമാണ് ഇമ്രാൻ ഖാന്റേത്. നുണകളും തെറ്റായവിവരങ്ങളും യുദ്ധക്കൊതിയും മാത്രമാണ് ഈ പ്രസ്‌താവനയിലുളളതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുടെ അന്തസിനെ ഹനിക്കുന്ന വാക്കുകളാണ് ഇമ്രാൻ ഖാന്റേത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമ്മു കാശ്‌മീരിൽ ഇന്ത്യ നടത്തുന്ന നിയമനിർമ്മാണങ്ങൾ തീർത്തും ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ചൂണ്ടിക്കാട്ടി. കാശ്‌മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാൻ അനധികൃതമായി കൈവശംവച്ചിരിക്കുന്നത് മാത്രമാണ് കാശ്‌മീരുമായി ബന്ധപ്പെട്ട് ആകെ നിലനിൽക്കുന്ന തർക്കം. നിയമവിരുദ്ധമായി കൈവശംവച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിയാനാണ് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

ഇമ്രാൻ ഖാൻ കാശ്‌മീർ വിഷയം ഉന്നയിക്കുന്നതിനിടെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് അദ്ദേഹം കാശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഐക്യരാഷ്ട്രസഭയിൽ അറിയിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് മറുപടി നൽകാനുളള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാക്കിയ മിജിതോ വിനിതോ ശക്തമായ ഭാഷയിലാണ് ഇമ്രാൻ ഖാന്റെ പ്രസംഗത്തോട് പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പാക്കിസ്ഥാനും ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രി സഭയിൽ ഉന്നയിക്കുമെന്നാണ് വിവരം.