തിഹാറിൽ തടവുകാരൻ കൊല്ലപ്പെട്ടു

Sunday 27 September 2020 2:07 AM IST

ന്യൂഡൽഹി: തിഹാർ ജയിലിൽ വീണ്ടും തടവുകാരൻ കൊല്ലപ്പെട്ടു. ആയുധ നിയമപ്രകാരമുള്ള കേസിൽ ശിക്ഷയനുഭവിക്കുന്ന സിക്കന്തറാണ് (37) കൊല്ലപ്പെട്ടത്. ഒന്നാം നമ്പർ ജയിലിന് സമീപമാണ് സംഭവം നടന്നത്.

മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് സിക്കന്തറിനെ കുത്തുകയായിരുന്നു. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിൽ കുത്തേറ്റ നിലയിൽ വ്യാഴാഴ്ച വൈകിട്ടാണ് സിക്കന്തറിനെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നിൽ നാലു തടവുകാർക്ക് പങ്കുണ്ടെന്നാണ് സൂചന. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും സംഘങ്ങൾ തമ്മിലുള്ള ശത്രുതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹരിനഗർ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാന സംഭവങ്ങൾ ഇതിന് മുമ്പും തിഹാറിൽ ഉണ്ടായിട്ടുണ്ട്. ഈ വർഷം ജൂണിൽ പീഡനക്കേസ് പ്രതിയായ മുഹമ്മദ് മെഹസാബ് (27) കൊല്ലപ്പെട്ടിരുന്നു. സഹോദരിയെ പീഡിപ്പിച്ചതിന് പ്രതികാരമായാണ് കൊലപാതകമെന്നായിരുന്നു റിപ്പോർട്ടുകൾ. മറ്റൊരു കൊലപാതക കേസിൽ പ്രതിയായ സക്കീറായിരുന്നു (21) കൃത്യം നടത്തിയത്.