രാംമാധവും മുരളീധർ റാവുവും കേന്ദ്രമന്ത്രിസഭയിലേക്കെന്ന്

Sunday 27 September 2020 1:21 AM IST

ന്യൂഡൽഹി: ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളായ രാംമാധവ്, മുരളീധർ റാവു എന്നിവർ കേന്ദ്രമന്ത്രിമാരാകുമെന്ന് സൂചന. ഇവർക്ക് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകൾ നൽകിയേക്കും. ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്ന രാംമാധവ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെയും ജമ്മുകാശ്മീരിന്റെയും ചുമതലയാണ് വഹിച്ചത്. മുരളീധർ റാവു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയും. മികച്ച പ്രകടനം നടത്തിയ ഇരുവരെയും സ്ഥാനത്ത് നിന്ന് മാറ്റിയതാണ് കേന്ദ്രമന്ത്രിസഭയിലേക്കെന്ന സൂചന ശക്തമാക്കിയത്. ദേശീയ ജനറൽസെക്രട്ടറി സ്ഥാനത്ത് മാറ്റപ്പെട്ട അനിൽജയിനും സരോജ് പാണ്ഡെയും നിലവിൽ രാജ്യസഭാ എം.പിമാരാണ്.

യുവാക്കൾക്ക് പ്രധാന്യം നൽകി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പുനഃസംഘടന നടത്തിയപ്പോൾ പല വലിയ നേതാക്കളും പുറത്തുപോയിട്ടുണ്ട്. വീണ്ടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, പ്രഭാത് ഝാ, വിനയ് സഹസ്രബുദ്ധെ എന്നിവർക്കും വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നഷ്ടമായി. തമിഴ്‌നാട്ടിൽ നിന്ന് ദേശീയ സെക്രട്ടറി എച്ച്.രാജ ഉൾപ്പെടെയുള്ളവരെ പ്രകടനം മോശമായതിന്റെ പേരിലാണ് ഒഴിവാക്കിയതെന്നും റിപ്പോർട്ടുണ്ട്.