പിണറായി സർക്കാർ രാജിവയ്ക്കണം: സുധീരൻ

Sunday 27 September 2020 12:38 AM IST

തിരുവനന്തപുരം: ധാർമ്മിക തകർച്ചയിലും രാഷ്‌ട്രീയ ജീർണതയിലും ആടിയുലയുന്ന പിണറായി മന്ത്രിസഭ എത്രയും വേഗം രാജിവയ്‌ക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.

രാഷ്‌ട്രീയമായും ധാർമ്മികമായും അധികാരത്തിൽ തുടരാനുള്ള അർഹത മന്ത്രിസഭയ്‌ക്ക് നഷ്ടപ്പെട്ടു. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, ഇൻകം ടാക്സ്, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഐ.ബി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പുറമേ 'ലൈഫ് മിഷനു'മായി ബന്ധപ്പെട്ട് സി.ബി.ഐയുമെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നടപടികൾ ഊർജിതമാക്കിയെന്നാണ് മാദ്ധ്യമ റിപ്പോർട്ട്. തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെയും സഹപ്രവർത്തകരുടെയും ശ്രമങ്ങളെല്ലാം വിഫലമായി. സർക്കാരിന്റെ വിശ്വാസ്യത സമ്പൂർണമായി തകർന്നെന്നും സുധീരൻ പറഞ്ഞു.