പ്രവർത്തകർക്കില്ലാത്ത സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രൻ

Sunday 27 September 2020 12:00 AM IST

തിരുവനന്തപുരം: സാധാരണ പാർട്ടി പ്രവർത്തകർക്കില്ലാത്ത സുരക്ഷ തനിക്കാവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറ‌ഞ്ഞു. തനിക്ക് സുരക്ഷ നൽകാനുള്ള പൊലീസ് നിർദ്ദേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുഭാഗത്ത് ഭീഷണിയും അത് കഴിഞ്ഞ് സുരക്ഷയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയെ വ്യംഗ്യമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് 30ലെ ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം എക്സ് കാറ്രഗറി സുരക്ഷയാണ് നൽകേണ്ടത്. രണ്ടുസായുധ പൊലീസുകാരുടെ സംരക്ഷണമാണ് എക്സ് കാറ്രഗറിയിൽ ഉണ്ടാവുക. ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന് വ്യക്തിപരമായ സുരക്ഷ നൽകേണ്ടത് അത്യാവശ്യമാണെന്നാണ് എ.ഡി.ജി.പി (ഇന്റലിജൻസ്) കോഴിക്കോട് റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകിയത്. വിവാദമായ സ്വർണക്കള്ളക്കടത്ത് കേസ് ഉയർത്തിക്കൊണ്ടുവരികയും അതിനായി നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതോടെ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

കേരള പൊലീസിന്റെ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിൽ വരുന്ന ഉള്ള്യേരി സ്വദേശിയാണ് കെ.സുരേന്ദ്രൻ. നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കേ കുമ്മനം രാജശേഖരനും സുരക്ഷ അനുവദിച്ചിരുന്നു.