കൊല്ലത്ത് വലയിലായത് കുപ്രസിദ്ധ മോഷ്ടാക്കൾ

Sunday 27 September 2020 1:12 AM IST

കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലായി നിരവധി ആരാധനാലയങ്ങളിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ കൊല്ലം റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.

കൊട്ടാരക്കര ഇരുമ്പനങ്ങാട് ശ്യാം ഭവനിൽ ബ്ലാക്മാൻ എന്ന് വിളിക്കുന്ന 30 വയസുള്ള അഭിലാഷ് (30), കുണ്ടറ വെള്ളിമൺ ചേറ്റുകട ചരുവിൽ പുത്തൻ വീട്ടിൽ ബിജു (31), കുണ്ടറ പരുത്തുംപാറ മനുഭവനിൽ മനു (33) എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ ടെക്‌നോപാർക്കിന് സമീപം കാഞ്ഞിരോട്ട് നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ ബാബുക്കുറുപ്പ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് ഇവരെ പിടികൂടിയത്.

പുത്തൂർ, എഴുകോൺ, ആറുമുറിക്കട, കടമ്പനാട്, അടൂർ, കൊടുമൺ എന്നിവിടങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. അവിടെ നിന്ന് കവർന്ന ബൈക്കും ഇവരിൽ നിന്ന് കണ്ടെടുത്തു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതി കൂടിയായ മനുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നത്. ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞിരോട്ടെ ചതുപ്പ് നിറഞ്ഞ പ്രദേശത്ത് പൊലീസിന് എത്താൻ കഴിയില്ലെന്ന് കരുതിയാണ് ഇവർ ഇവിടെ ഒളിത്താവളം ഒരുക്കിയത്.