ആയിരം കടന്ന് രോഗികൾ
തിരുവനന്തപുരം: തലസ്ഥാനത്ത് ആദ്യമായി രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ആശങ്ക കൂടുന്നു.ഇന്നലെ അസുഖം സ്ഥിരീകരിച്ചവരിൽ 871 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിലായിരുന്ന 21 പേർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. 22 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എസ്.എ.പി ക്യാമ്പിലെ ഒമ്പത് പൊലീസുകാർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രണ്ടുപേരുടെ മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അരുവിക്കര സ്വദേശി കെ. മോഹനൻ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ (45) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 373 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 459 പേർ സ്ത്രീകളും 591 പേർ പുരുഷന്മാരുമാണ്. ഇന്നലെ പുതുതായി 4,344 പേർ രോഗനിരീക്ഷണത്തിലായി. 3,360 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലാകെ 9,519 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. നഗരപരിധിയിൽ മാത്രം ഇന്നലെവരെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3500 പിന്നിട്ടു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ 300ഓളം പേർ ചികിത്സയിലുണ്ട്.
ജില്ലയിൽ ആകെ
മരണം - 208 ആകെ രോഗബാധിതർ - 31,221 നിലവിൽ ചികിത്സയിലുള്ളവർ - 9,519 രോഗമുക്തർ - 21,565 നിരീക്ഷണത്തിലുള്ളവർ - 28,339