കൊവിഡ് ബാധിതർ 60 ലക്ഷം

Monday 28 September 2020 1:58 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. മരണം 95,000 പിന്നിട്ടു. അതേസമയം തുടർച്ചയായ ഒൻപതാം ദിവസവും പ്രതിദിന രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ രാജ്യത്തുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിൽ 92,043 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തർ 49,41,627 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്. പുതുതായി 88,600 പേർ രോഗികളായി.

ഇതിൽ 77 ശതമാനവും കേരളം ഉൾപ്പെടെ 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.

രോഗമുക്തരുടേയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണത്തിലുള്ള അന്തരം 40 ലക്ഷത്തോളം ആയി. ആകെ രോഗികളിൽ 15.96 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,124 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ 84 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.

 മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഉമാഭാരതിക്ക് കൊവിഡ്.

 കർണാടകയിലെ മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയുമായ ദിനേശ് ഗുണ്ടറാവുവിന് കൊവിഡ്.