മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാക്കളിൽ ഒരാളുമായ ജസ്വന്ത് സിംഗ് (82) അന്തരിച്ചു. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 6.55ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
2014ൽ കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ ശേഷം ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശീതൾ കുമാരി, ബി.ജെ.പി മുൻ എം.പിയും നിലവിൽ രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എയുമായ മാനവേന്ദ്ര സിംഗ് പുത്രനാണ്. സൈന്യത്തിലെ ഓഫീസർ പദവി രാജിവച്ച് 1965ൽ ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജസ്വന്ത് ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അദ്വാനിയും ബി.ജെ.പിയെ നിയന്ത്രിച്ചിരുന്ന സമയത്ത് നിർണായക പദവികൾ വഹിച്ചെങ്കിലും നരേന്ദ്രമോദി -അമിത് ഷാ യുഗത്തിൽ നിറം മങ്ങി. ജിന്നയെ പ്രകീർത്തിച്ച് പുസ്തകം (ജിന്ന- ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും) എഴുതിയതിന് 2009ൽ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. 2010ൽ തിരിച്ചെത്തി. 2012ൽ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായെങ്കിലും ഹമീദ് അൻസാരിയോട് തോറ്റു. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വദേശമായ ബാർമീറിൽ സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നേതൃത്വത്തെ ധിക്കരിച്ച് സ്വതന്ത്രനായി മത്സരിച്ചപ്പോഴും തോറ്റു. 2014 ആഗസ്റ്റിൽ കുളിമുറിയിൽ വീണ് പരിക്കേറ്റതോടെ രാഷ്ട്രീയം വിട്ടു. വാജ്പേയി മന്ത്രിസഭയിൽ വിദേശകാര്യം (1998-2002), പ്രതിരോധം (2000-2001),ധനകാര്യം (2002-2004) എന്നീ വകുപ്പുകൾ വഹിച്ചു. നാലുതവണ ലോക്സഭയിലും അഞ്ചു തവണ രാജ്യസഭയിലും അംഗമായി. ഒന്നാം യു.പി.എ കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനുമായി. കാണ്ഡഹാറിൽ താലിബാൻ ഭീകരർ ബന്ദികളാക്കിയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ ജയിലിൽ നിന്ന് മോചിപ്പിച്ച പാക് ഭീകരൻ അസർ മസൂദിനെ വിമാനത്തിൽ അഗ്ഫാനിസ്ഥാനിലേക്ക് അനുഗമിച്ചത് വിവാദമായി. യു.എസുമായി സന്ധിയുണ്ടാക്കി ആണവ പരീക്ഷണത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഒഴിവാക്കുന്നതിൽ വിജയിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.