മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചു
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാദ്ധ്യമപ്രവർത്തകർക്കു നേരെ ആക്രമണം. ഭൂംകൽ സമാചാർ മാഗസിൻ എഡിറ്റർ കമൽ ശുക്ള, സതീഷ് യാദവ്, ജീവന്ദ് ഹൽദാർ എന്നിവരെയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയോടെ കങ്കറിലായിരുന്നു സംഭവം. ഭരണകക്ഷിയായ കോൺഗ്രസിനെതിരെ സതീഷ് യാദവ് തെറ്റായ വാർത്ത നൽകിയെന്നാരോപിച്ച് മുനിസിപ്പൽ കോർപ്പറേഷൻ ഭാരവാഹികൾ അയാളെ മർദ്ദിച്ചുവെന്നറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോയതായിരുന്നു ശുക്ള. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയയുടൻ കോൺഗ്രസ് നേതാക്കൾ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ കാരണത്താലാണ് ജീവന്ദ് ഹൽദാറിനും മർദ്ദനമേറ്റത്. കോൺഗ്രസ് എം.എൽ.എ കൂടിയായ ഗഫ്ഫാർ മേമം, ശിശുപാൽ ഷോരി എന്നിവർ തനിക്കു നേരെ തോക്കു ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ശുക്ള പറയുന്നു. നാട്ടിലെ ഭരണാധികാരികൾ നടത്തുന്ന അനീതിക്കും അക്രമത്തിനുമെതിരെ എഴുതിയതിനാണ് തങ്ങളെ ഉപദ്രവിച്ചതെന്നും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.