ട്രംപിന് തിരിച്ചടി, ടിക്‌ ടോക് നിരോധനത്തിന് കോടതിയുടെ സ്റ്റേ

Monday 28 September 2020 8:15 AM IST

വാഷിംഗ്ടണ്‍: ടിക് ടോക് ആപ്ലിക്കേഷൻ നിരോധിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ട്രംപിന്റെ ടിക്‌ടോക് നിരോധന ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

ടിക് ടോക്കിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.യു.എസിൽ ടിക്‌ടോക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഉത്തരവിന് സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. അടുത്തമാസം 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു.

ടിക്‌ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി.അമേരിക്കൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ടിക്ടോക് ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചിരുന്നു. രാജ്യസുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകൾ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് ആരോപിച്ചിരുന്നു.