മോഷ്‌ടാക്കൾ വരുത്തിയ നാശനഷ്‌ടക്കണക്ക് മാത്രമാണ് രണ്ട് കോടി, അയ്യപ്പവിഗ്രഹത്തിന്റെ മൂല്യം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്
കോട്ടയം: ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള പഞ്ചലോഹത്തിൽ നിർമ്മിച്ച അയ്യപ്പ വിഗ്രഹം കവർന്ന കേസിൽ പൊലീസിന് നിർണായക സൂചനകൾ ലഭിച്ചു. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. നേരത്തെ വിഗ്രഹ നിർമ്മാണശാലയിൽ ജോലിചെയ്തിരുന്ന ഒരാളും സുഹൃത്തുക്കളും ചേർന്നാണ് വിഗ്രഹം കവർന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന. ഇതിൽ രണ്ടുപേർ ചെങ്ങന്നൂർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
ചെങ്ങന്നൂർ കാരയ്ക്കാട്ട് എം.സി റോഡരികിലെ വിഗ്രഹനിർമ്മാണ ശാലയിൽ ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് ആക്രമണം നടന്നത്. നാല് ബൈക്കുകളിലായി എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് വിഗ്രഹ നിർമ്മാണ ശാലയായ പണിക്കേഴ്സ് ഗ്രാനൈറ്റ്സ് ഉടമകളായ ചെങ്ങന്നൂർ തട്ടവിളയിൽ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവർ ഡിവൈ.എസ്.പി പി.വി ബേബിക്ക് പരാതി നല്കിയിരുന്നു. വിഗ്രഹത്തിന് രണ്ട് കോടി രൂപ വിലവരും. ഒരു കിലോ സ്വർണം വിഗ്രഹം നിർമ്മിക്കാനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉടമകൾ പൊലീസിനോട് വെളിപ്പെടുത്തി.
ബൈക്കുകളിലെത്തിയ സംഘം നിർമ്മാണ ശാലയിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്ന ആറു തൊഴിലാളികളെ മർദ്ദിച്ച് വീഴ്ത്തിയാണ് വിഗ്രഹവുമായി കടന്നതെന്നാണ് ഉടമകൾ പൊലീസിനോട് പറഞ്ഞത്. വിവരമറിഞ്ഞ് എത്തിയ തങ്ങളെയും സംഘം മർദ്ദിച്ചുവെന്ന് ഉടമകൾ പറയുന്നു. കൂടാതെ പ്രകാശിന്റെ കഴുത്തിൽക്കിടന്ന ഒന്നര പവന്റെ മാലയും കവർന്നു. കെട്ടിടത്തിന്റെ ജനൽചില്ലുകളും മറ്റും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ആക്രമണം നടത്തിയത്. ഇതിനിടയിൽ വിഗ്രഹം കവർന്നെടുത്ത് ശാലയുടെ സമീപം പാർക്ക് ചെയ്ത വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സ്ഥാപനത്തിലെ സി.സി.ടി.വി കൾ പ്രവർത്തിക്കുന്നില്ലായിരുന്നു. സമീപമുള്ള കടകളിലെ സി.സി.ടി.വി പരിശോധിച്ചുവരികയാണ് പൊലീസ്.
ഒന്നര മാസത്തോളം ഇവിടെ ജോലിചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസിനോട് ഉടമകൾ പറഞ്ഞിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഗ്രഹം നിർമ്മിക്കാൻ ഏല്പിച്ചിരുന്നവരാണ് സ്വർണം നല്കിയിരുന്നത്. അതേസമയം, ഉടമകളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. അതിനാൽ ഇവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയും. വിഗ്രഹം കടത്തിയതിനു പിന്നിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.