മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ...
മറ്റ് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ എന്നത്, പണ്ട് കാളൻ നെല്ലായി ആയുർവേദസ്ഥാപനത്തിന്റെ പരസ്യവാചകമായിരുന്നു. ഏതാണ്ട് അതുപോലെയാണ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദത്തെയും പരിഗണിച്ചത് എന്നാണ് ആയുർവേദ ഡോക്‌ടർമാരുടെ പക്ഷം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായപ്പോഴാണ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആയുർവേദ, ഹോമിയോ, സിദ്ധ ഡോക്‌ടർമാരെ കൊവിഡ് ചികിത്സയ്‌ക്കായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കാൻ തുടങ്ങിയതോടെ അല്‌പം ആശ്വാസം ലഭിക്കുകയും ചെയ്തു. ചികിത്സാ കേന്ദ്രങ്ങളിൽ വിന്യസിക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ ആരോഗ്യവകുപ്പിന് കീഴിൽ ഇല്ല എന്ന് ഈയടുത്താണ് സർക്കാർ തിരിച്ചറിഞ്ഞത്. എന്നാൽ അവർ പഠിച്ച ചികിത്സാ രീതികളും മരുന്നും പ്രയോഗിക്കാൻ അവർക്ക് അവസരമില്ല. ആധുനിക ചികിത്സയിൽ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ഗുരുതരമല്ലാത്തവർക്കും ഇത്തരം മരുന്നുകൾ പരീക്ഷിക്കണമെന്ന ആവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല.
ഭാരതീയ ചികിത്സാവകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുർവേദ മരുന്ന് കഴിച്ചത് 2,65,000 പേരായിരുന്നു. ആദ്യഘട്ടത്തിൽ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം) മാത്രമായിരുന്നു.
ആയുർവേദ മരുന്ന് നൽകിയ ശേഷം പൊസിറ്റീവായ 577 പേരിൽ വിശദമായ പഠനവും നടത്തിയിരുന്നു. മൊത്തം എത്രപേർക്ക് കൊവിഡ് ബാധിച്ചെന്നും മരണം സംഭവിച്ചെന്നും അടക്കമുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന കഴിഞ്ഞ നാലുമാസക്കാലത്തെ പഠന, ഗവേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് സർക്കാർ വിലയിരുത്തി തുടർനടപടികളിലേക്ക് കടക്കും. പഠനഫലം അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.
ജേർണലുകളിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ ആയുർവേദ മരുന്നിന് ആധികാരികത കൈവരും. രോഗപ്രതിരോധത്തിനൊപ്പം ചികിത്സയിലും മരുന്ന് ഉപയോഗിക്കാനുള്ള സാദ്ധ്യതയും തെളിയുമെന്നാണ് കരുതുന്നത്. ക്വാറന്റൈനിൽ ആയുർവേദ മരുന്നുകൾ കഴിക്കുന്ന ഇത്രയും പേരിൽ മറ്റൊരു സംസ്ഥാനത്തും പഠനം നടത്തിയിട്ടില്ല. ഏതൊക്കെ ലക്ഷണങ്ങളാണ് ഇവർക്ക് കൂടുതലുള്ളതെന്നും എത്ര ദിവസത്തിനുളളിൽ നെഗറ്റീവായി എന്നും അടക്കമുള്ള വിവരങ്ങളാണ് ശേഖരിച്ചത്. രോഗം മാറിയവരുടെ ആരോഗ്യം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള 'പുനർജനി' പദ്ധതിയിൽ പഠനം തുടങ്ങിയിട്ടുമുണ്ട്.
ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെൽ (ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ വിദ്യാഭ്യാസ വകുപ്പ്, ആയുർവേദ മെഡിക്കൽ കോളേജുകൾ, റീജ്യണൽ ജില്ലാ റെസ്‌പോൺസ് സെല്ലുകൾ ഉൾപ്പെടുന്നത്) വഴിയായിരുന്നു ഈ പദ്ധതിയുടെ നടത്തിപ്പ്. നടപ്പാക്കുന്നത് 1206 ആയുർരക്ഷാ ക്ലിനിക്കുകൾ വഴിയും. സന്നദ്ധപ്രവർത്തകർ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, റാപിഡ് റെസ്‌പോൺസ് ടീം എന്നിവരാണ് മരുന്നുകൾ നൽകിയത്.
രാേഗം മാറിയവരെയും പഠിക്കുന്നു
രോഗം ഭേദമായവരിലും ക്ഷീണവും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും ജോലി ചെയ്യാനുള്ള ബലക്കുറവും ചുമയുമെല്ലാം തുടരുന്നതായാണ് സംസ്ഥാനതലത്തിൽ നടത്തിയ പ്രാഥമിക വിവരശേഖരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് രോഗം മാറിയവരിൽ ഗവേഷണം നടത്തുന്ന 'പുനർജനി' പദ്ധതിയുടെ പഠനത്തിന് നേതൃത്വം നൽകുന്ന ആയുർവേദ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വയോധികരിലും സ്ത്രീകളിലും ഇത് ഗുരുതരമാകാം. ആയുർവേദത്തിലെ വിവിധ രസായനപ്രയോഗങ്ങൾ കൊണ്ട് ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതാക്കാം. നെഗറ്റീവായ ശേഷമുള്ള വിശ്രമകാലത്ത് ആരോഗ്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ മറ്റ് രോഗങ്ങൾ പിടിപെടും. അതിനുള്ള പ്രതിരോധ ഔഷധങ്ങളാണ് 'പുനർജ്ജനി' വഴി നൽകുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആയുർവേദ മരുന്നുകളുടെ ഉത്പാദനം കൂട്ടാൻ നാല് കോടി രൂപയിലേറെ സർക്കാർ അനുവദിച്ചതായും മരുന്ന് ഉത്പാദനത്തിൽ അതിന് അനുസരിച്ചുള്ള വർദ്ധന ഔഷധിയിൽ ഉണ്ടായിട്ടുണ്ടെന്നുമാണ് ഔഷധി മാനേജിംഗ് ഡയറക്ടർ വി. ഉത്തമൻ ചൂണ്ടിക്കാട്ടുന്നത്. ഗവേഷണഫലങ്ങൾ പുറത്തുവന്നിട്ടും ആയുർവേദത്തെ അംഗീകരിക്കാൻ മടിയുണ്ടെന്നും ഇത് വൻകിട അലോപ്പതി മരുന്ന് മാഫിയകളുടേയും അലോപ്പതി ഡോക്ടർമാരുടെ സംഘടനകളുടേയും കടുംപിടുത്തം കാരണമാണെന്നുമാണ് ഉയരുന്ന ആരോപണം.