ഇന്ത്യയുടെ കൊവിഡ് വാക്സിൻ 2021 ആദ്യം പുറത്തിറക്കും, വിവരങ്ങൾ ലഭ്യമാക്കാൻ ഓൺലെെൻ പോർട്ടൽ ആരംഭിച്ചു

Monday 28 September 2020 7:02 PM IST

ന്യൂഡൽഹി: കൊവിഡ് വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനായി കൊവിഡ് ഓൺലെെൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന കൊവിഡ് വാക്സിനുകൾ സംബന്ധിച്ച സുപ്രധാന വിവരങ്ങളാകും വെബ്സെെറ്റിൽ ലഭ്യമാകുക. വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട പുരോഗതികൾ പോർട്ടലിലൂടെ ജനങ്ങൾക്ക് അറിയാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു.

"കൊവിഡ് വാക്‌സിനുകളെ സംബന്ധിച്ച് ഒരു ഓൺലൈൻ പോർട്ടൽ സമാരംഭിച്ചു. ഇതിലൂടെ എല്ലാവർക്കും വാക്സിനുമായി ബന്ധപ്പെട്ട നിർമാണം,ക്ലിനിക്കൽ പരീക്ഷണങ്ങൾ, വാക്സിൻ വിതരണം സംബന്ധിച്ച തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും" വെബ്സെെറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹർഷ് വർദ്ധൻ പറഞ്ഞു. ഇതിനൊപ്പം രാജ്യത്ത് ലഭ്യമാകുന്ന മറ്റു കൊവിഡ് വാക്സിനുകൾ സംബന്ധിച്ച വിവരങ്ങളും പോർട്ടലിൽ ലഭ്യമാകും. 2021 ആദ്യ പകുതിയോട് ഇന്ത്യനിർമിക്കുന്ന കൊവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വാക്സിൻ നിർമാണം അതിവേഗത്തിൽ മുന്നേറുന്നു. മൂന്ന് വാക്സിനുകളിലായി വ്യത്യസ്ത ഘട്ടങ്ങളിൽ പരീക്ഷണം നടന്നുവരികെയാണെന്നും ഇത് 2021 ആദ്യ പകുതിയോടെ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷ് വർദ്ധൻ പറഞ്ഞു. അതേസമയം രാജ്യത്ത് ഇന്ന് 82170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ കണക്കുകൾ പ്രകാരം 60,74,703 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 95,542 പേർ മരണപ്പെടുകയും ചെയ്തു.