കരുത്ത് വർദ്ധിക്കുന്നു: 72,000 സിഗ്-സാവുർ റൈഫിളുകൾ ഉൾപ്പെടെ ഇന്ത്യൻ സൈന്യത്തിനായി 2,920 കോടി രൂപയുടെ ആയുധസാമഗ്രികൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2,920 രൂപയുടെ സൈനിക ഉപകരണങ്ങളാണ് കേന്ദ്രം സൈന്യത്തിനായി വാങ്ങാൻ തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔപചാരികതകളെല്ലാം കേന്ദ്ര സർക്കാർ പൂർത്തീകരിച്ചതായാണ് വിവരം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് ഉൾപ്പെട്ട ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയാണ് ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്തിയത്. 780 കോടി രൂപ വിലമതിക്കുന്ന അമേരിക്കൻ നിർമിത 72,000 സിഗ്-സാവുർ റൈഫിളുകൽ, സ്മാർട്ട് ആന്റി-എയർഫീൽഡ് ആയുധങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
970 കോടി രൂപ ചിലവ് വരുന്ന സ്മാർട്ട് ആന്റി-എയർഫീൽഡ് ആയുധങ്ങൾ ഇന്ത്യൻ നാവിക സേനയുടെയും വ്യോമസേനയുടെയും കരുത്ത് വർദ്ധിപ്പിക്കാൻ ഉതകുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. കരസേനയ്ക്കും വ്യോമസേനയ്ക്കും ഉപകാരപ്രദമാകുന്ന എച്ച്.എഫ് റേഡിയോ സെറ്റുകൾ, എച്ച്.എഫ് ട്രാൻസീവർ സീറ്റുകൾ എന്നിവയും ഇന്ത്യ ഉടൻ തന്നെ കൈപ്പറ്റും.
540 കോടി രൂപയാണ് ഇവയ്ക്ക് ചിലവ് വരിക. ഇതിനു മുൻപ്, 2019ൽ 72,400 സിഗ്-സാവുർ റൈഫിളുകൾ കേന്ദ്രം അമേരിക്കയിൽ നിന്നും വാങ്ങിയിരുന്നു. ഈ ആയുധങ്ങളുടെ കൈമാറ്റം നിലവിൽ പൂർത്തിയായിട്ടുണ്ട്. നിലവിൽ എട്ട് ലക്ഷം സിഗ്-സാവുർ റൈഫിളുകൾ ഇന്ത്യൻ സേനയ്ക്ക് ആവശ്യമായുണ്ട്.
ഇതിനായാണ് വീണ്ടും അമേരിക്കയുടെ കൈയിൽ നിന്നും ഇന്ത്യ റൈഫിളുകൾ വാങ്ങുന്നത്. 22 വർഷങ്ങൾക്ക് മുൻപ് സേന ഉപയോഗിച്ച് തുടങ്ങിയ, കേടുപാടുകൾ സംഭവിച്ച, 5.56 ഇൻസാസ്(ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം) റൈഫിളുകൾക്ക് പകരമായാകും സിഗ്-സാവുർ റൈഫിളുകൾ ഉപയോഗിക്കുക.
സൈന്യത്തിന്റെ ബാക്കി നിൽക്കുന്ന ആയുധാവശ്യങ്ങൾ 'മേക്ക് ഇൻ ഇന്ത്യ' നിർമിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അമേത്തിയിലെ കോർവായിൽ വച്ച് എ.കെ 203 നിർമ്മിക്കാനും അവ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് നൽകാനുമുള്ള നടപടി നിലവിൽ അതിന്റെ അവസാന ഘട്ടത്തിലാണ്.