വളയിട്ട കൈകളിൽ താളം നിലച്ചു
കിളിമാനൂർ: ഉത്സവ സീസൺ കൊവിഡും ലോക്ക് ഡൗണും കവർന്നതോടെ ശിങ്കാരിമേളം കലാകാരികൾ പ്രതിസന്ധിയിൽ. ഒരോ പരിപാടിക്കും 1000-2000രൂപ വരുമാനം ലഭിച്ചിരുന്ന ഇവർക്ക് ഇന്ന് ദാരിദ്ര്യം മാത്രമാണ് കൈമുതൽ. നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കിലെ ശിങ്കാരി മേളം ട്രൂപ്പുകളിൽ ധാരാളം വനിതകളാണ് പങ്കാളികളായിട്ടുള്ളത്. 9 മുതൽ 63 വയസുവരെയുള്ളവർ ഇതിൽ ഉൾപ്പെടും. എല്ലാ വർഷവും ഇവർക്ക് കൈനിറയെ പരിപാടികൾ കിട്ടാറുണ്ടായിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വേദികളിലാണ് ഇവരുൾപ്പെടുന്ന ട്രൂപ്പുകൾ തരംഗമായത്. എന്നാൽ കൊവിഡ് എത്തിയതോടെ ചെണ്ടയ്ക്കും ചെണ്ടക്കോലുകൾക്കും വിശ്രമമായി. നിരവധി ബുക്കിംഗുകളാണ് ലോക്ക്‌ഡൗൺ കാരണം നഷ്ടമായത്. വാദ്യോപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും പുതിയത് വാങ്ങാനും ധാരാളം തുക മുടക്കി. ഇതെല്ലാമാണ് കൊവിഡിന്റെ താണ്ഡവത്തിൽ നഷ്ടമായത്. ക്ഷേത്രങ്ങൾ, പള്ളികൾ, കുടുംബശ്രീ പരിപാടികൾ, വിവാഹം തുടങ്ങി എല്ലാ ചടങ്ങുകളിലും ശിങ്കാരിമേളവുമായി എത്തിയിരുന്ന ഇവരിൽ പലരും പരിപാടികളില്ലാതായതോടെ തൊഴിലുറപ്പ് ജോലികളിലേക്ക് ഉൾപ്പെടെ തിരിഞ്ഞു. ചെറിയ തോതിലെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് വലിയ ആശ്വാസമാകുമെന്നാണ് ഇവർ പറയുന്നത്.
ഏറെ സ്വീകാര്യത
തൊഴിലുറപ്പ് ജോലിക്കിടെ ഒരു കൂട്ടം സ്ത്രീകൾക്ക് തോന്നിയ ആശയത്തെ തുടർന്നാണ് സ്ത്രീകളുടെ കൂട്ടായ്മയിൽ ശിങ്കാരി മേളം ട്രൂപ്പ് തുടങ്ങിയത്. പുരുഷന്മാർ കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിൽ വനിതകൾ വന്നപ്പോൾ ഏവരും രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ധാരാളം ബുക്കിംഗുകളും ലഭിച്ചു. തുടക്കത്തിൽ വാദ്യോപകരണങ്ങൾ വാടകയ്ക്കായിരുന്നു എടുത്തിരുന്നത്. ബുക്കിംഗിലൂടെ കിട്ടിയ വരുമാനവും വായ്പയുമൊക്കെ എടുത്ത് ചെണ്ടയും തിമിലയും മറ്റ് വാദ്യോപകരണങ്ങളും വാങ്ങി. പരിപാടികളിലൂടെ അല്ലലില്ലാതെ കുടുംബം മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു. ഏറ്റവും അധികം ബുക്കിംഗുകൾ ലഭിച്ച സമയത്താണ് കൊവിഡ് വില്ലനായി എത്തിയത്.