ആ റോളർ ബ്രഷ് ഒന്നെടുക്കൂ... മഞ്ഞൾ തേയ്ക്കട്ടെ
മുംബയ്: ഉത്തരേന്ത്യൻ വിവാഹങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത ചടങ്ങാണ് ഹൽദി. പക്ഷേ, കൊവിഡ് മൂലം ഹൽദി ചടങ്ങുകളും പ്രതിസന്ധിയിലായി. പരസ്പരം തൊടാതെങ്ങനാ, മഞ്ഞൾ തേയ്ക്കുക. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരല്ലേ.
എന്നാൽ പായൽ ഭയാന ട്വിറ്ററിൽ പങ്കുവച്ച ഹൽദി ചടങ്ങിന്റെ വീഡിയോ ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരമാണ്.
13 സെക്കൻഡ് മാത്രമുള്ള വീഡിയോയിൽ കല്യാണം കഴിക്കാൻ പോകുന്ന മകളുടെ ശരീരത്തിൽ അമ്മ മഞ്ഞൾ പുരട്ടുന്നത് കാണാം. പക്ഷേ, കൈകൊണ്ടല്ല. വീടുകൾ പെയിന്റ് ചെയ്യാനുപയോഗിക്കുന്ന റോളർ ബ്രഷിന്റെ സഹായത്തിലാണ് മഞ്ഞൾ പുരട്ടുന്നത്. നീളമുള്ള ഒരു പിടിയും ഒപ്പം ഘടിപ്പിച്ചിട്ടുണ്ട്. റോളർ എടുത്ത് മഞ്ഞൾ മിശ്രിതത്തിൽ മുക്കി ചുവരിന് പെയിന്റടിക്കുന്നതുപോലെ മകളുടെ ശരീരത്തിൽ മഞ്ഞൾ പുരട്ടുകയാണ് അമ്മ. ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ.
ഹൽദി ചടങ്ങ്
വധു, വരന്മാരുടെ ശരീരത്തിൽ വിവാഹത്തലേന്ന് മഞ്ഞളും കടലമാവും ചേർന്ന മിശ്രിതം പുരട്ടുന്നതാണ് ഹൽദി ചടങ്ങ്. ക്ഷണിക്കപ്പെട്ടവർ വന്ന് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം മഞ്ഞൾ മിശ്രിതം വധു, വരന്മാരുടെ മുഖത്തും കൈകാലുകളിലും പുരട്ടും. വിവാഹച്ചടങ്ങുകളുടെ ശുഭ ആരംഭത്തിന്, ചർമത്തിന് തിളക്കം ലഭിക്കാൻ എന്നിങ്ങനെ ധാരാളം ഗുണങ്ങളുണ്ടിതിന്.