വിഴുപ്പലക്കാനില്ല: കെ. മുരളീധരൻ
കോഴിക്കോട് : കോൺഗ്രസ് പുനഃസംഘടനയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ലെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. പാർട്ടിയ്ക്ക് ദോഷമുണ്ടാക്കുന്ന ഒരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രചാരണ വിഭാഗം അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല. വാർത്തയിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. പല കാര്യങ്ങളിലുമുണ്ട് അഭിപ്രായവ്യത്യാസം. പാർട്ടി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ എല്ലാം പരസ്യമായി പറയാനില്ല.
പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം വലിയ പദവിയൊമൊന്നുമല്ല. കഴിഞ്ഞ തവണ കോൺഗ്രസ് അദ്ധ്യക്ഷയെ കണ്ടപ്പോൾ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കുമെന്നതിൽ സംശയമില്ല. ഞങ്ങളെ ഏല്പിച്ചത് ഡൽഹിയിലെ കാര്യങ്ങൾ നോക്കാനാണ്. അത് ഭംഗിയായി നിർവഹിക്കുന്നുണ്ട്.