'ദിലീപേട്ടനെതിരെ മൊഴി പറയാനാണ് നിന്റെ ഭാവമെങ്കിൽ മോന്റെ ദിവസങ്ങൾ എണ്ണി തുടങ്ങി'; വധഭീഷണിയുണ്ടെന്ന് മാപ്പുസാക്ഷി

Tuesday 29 September 2020 8:31 AM IST

കൊച്ചി: മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻ ലാൽ. സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദ്ധാനം ലഭിച്ചുവെന്നും, ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും യുവാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

'പൊറുതി മുട്ടിയിട്ടാണ്.ജനുവരി മാസം മുതൽ മൊഴി മാറ്റാൻ നിർബന്ധിക്കുന്നു.ഞാൻ താമസിക്കുന്ന വീടിനടുത്തുവരെ എത്തി മൊഴി മാറ്റാൻ പറഞ്ഞു. എത്ര ലക്ഷം വേണമെങ്കിലും തരാം, വീട്‌വച്ചുതരാമെന്നും വാഗ്ദ്ധാനം ചെയ്തു.അന്ന് പറഞ്ഞ മൊഴി മാറ്റി, ദിലീപിനനുകൂലമായി മൊഴി പറയണം. ഞങ്ങൾ ദിലീപേട്ടന്റെ ആളുകളാണെന്നായിരുന്നു അവർ പറഞ്ഞത്. നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷം ഭീഷണി കത്തുകൾ വരുന്നു.

'ദിലീപേട്ടനെതിരെ മൊഴി പറയാനാണ് നിന്റെ ഭാവമെങ്കിൽ മോന്റെ ദിവസങ്ങൾ എണ്ണിതുടങ്ങി' എന്നാണ് ഭീഷണി. ചത്താലും മൊഴി മാറ്റില്ലെന്ന് യുവാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല, പേടികൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ കൂട്ടിച്ചേർത്തു.സഹതടവുകാരനൊരു കത്ത് എഴുതിക്കൊടുത്തുവെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്നും യുവാവ് പറയുന്നു.