പദ്മവ്യൂഹത്തിലോ ?കരൺ ജോഹർ
മുംബയിലെ ലഹരിവിവാദത്തിൽ കരൺജോഹർ കുടുങ്ങുമോയെന്നതാണ് ഇപ്പോൾ ബോളീവുഡിലെ ബില്യൺ ഡോളർ ചോദ്യം
---------------------------------------------------------------------
ലോകം മുഴുവൻ കൊവിഡിനെ അതിജീവിക്കാൻ പാടുപെടുന്നതിനിടയിലും ബോളിവുഡിൽ വിവാദം പുകയുകയാണ്.ബോളിവുഡ് ലഹരി മാഫിയയുടെ പിടിയിലാണോ ? ദിനംതോറും വമ്പൻമാരിലേക്ക് നീളുന്ന അന്വേഷണം ഇനി ആരിലേക്കെക്കൊക്കെ എത്തുമെന്ന ആശങ്ക ബോളിവുഡിനെ മുൾമുനയിൽ നിർത്തുകയാണ്. കൂടുതൽ ചുരുളുകളഴിയുമ്പോൾ അന്വേഷണ സംഘത്തിന്റെ യാത്ര ബോളിവുഡ് അടക്കി വാഴുന്ന സൂപ്പർ താരങ്ങളിലേക്കും താര റാണി മാരിലേക്കും ഇതാ ഇപ്പോൾ ബോളിവുഡിന്റെ നെടുംതൂണുപോലെ നിൽക്കുന്ന സംവിധായകനും നിർമാതാവും നടനും തുടങ്ങി ബഹുമുഖ പ്രതിഭയായ കരൺ ജോഹറിലേക്കും എത്താൻപോകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.. കാലങ്ങളായി ബോളിവുഡ് പതിവാക്കിവരുന്ന താര നിശാ പാർട്ടികളും ,രഹസ്യ ആഘോഷങ്ങളുമാണ് ഏവർക്കും വിനയാകുന്നത്. കരൺ ജോഹർ നടത്തുന്ന പാർട്ടിയിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളും പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ വർഷം(2019 ജൂലൈ 28 ) കരൺ ജോഹർ തന്റെ ഫ്‌ളാറ്റിൽ നടത്തിയ നിശാ പാർട്ടിയുടെ വീഡിയോ അന്നേ ചർച്ച വിഷയമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ. താരങ്ങളായ ഷാഹിദ് കപൂർ, ദീപിക പദുക്കോൺ, രൺബീർ കപൂർ, വരുൺ ധവാൻ, അർജുൻ കപൂർ, മലൈക അറോറ, വിക്കി കൗശൽ തുടങ്ങി സൂപ്പർ താരങ്ങളെല്ലാം ആ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ആ വിഡിയോയിൽ എന്തോ മാറ്റിവയ്ക്കുന്നതായി കാണാം ,അത് ലഹരി മരുന്നാണ് എന്ന രീതിയിൽ അന്നേ വിമർശനങ്ങൾ ഉയർന്നിരുന്നു.എന്നാൽ കരൺ ജോഹർ അത് നിഷേധിച്ചിരുന്നു. ദീപിക പദുകോണിന്റെ ലഹരി ആവശ്യപ്പെട്ടുള്ള ചാറ്റുകൾ പുറത്തുവന്നതോടെ ഈ വീഡിയോ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും താൻ ആവർത്തിച്ച് പറയുന്നു എന്നും തന്റെ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കരൺ പറയുന്നു.
താൻ ലഹരിമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല അത്തരം വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കരൺ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ തന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമപരമായി അതിനെ നേരിടുമെന്നും കരൺ വ്യക്തമാക്കിയിട്ടുണ്ട്.സുശാന്ത് സിംഗിന്റെ അപ്രതീക്ഷിത മരണത്തിലും കരൺ ജോഹറിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു വന്നിരുന്നു. കരൺ ജോഹറാണ് ബോളിവുഡിന്റെ സ്വജനപക്ഷത്തിന്റെ വക്താവെന്ന ആരോപണവും ഉയർന്നു വന്നിരുന്നു.കരൺ പൊതുവേദികളിൽ സുശാന്തിനെ പരിഹരിച്ച വിഡിയോകളെല്ലാം പുറത്തുവന്നതോടെ കരൺ ജോഹറിനെതിരെ ഹേറ്റ് കാമ്പയിനുകൾ ഉയർന്നു വന്നിരുന്നു.അതിനിടെ കരണിനെതിരെ മൊഴി നൽകാൻ തന്നെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിർബന്ധിച്ചതായി കരണിന്റെ ധർമാപ്രൊഡക്ഷൻസ് ജീവനക്കാരൻ ക്ഷിതിജ് പ്രസാദ് പുറത്തുപറഞ്ഞത് വിവാദമായിട്ടുണ്ട്.
ബോക്‌സ്
കരൺ ജോഹർ എന്ന ബഹുമുഖ പ്രതിഭ
ബോളിവുഡിന്റെ ബഹുമുഖ പ്രതിഭയെന്ന് കരൺ ജോഹറിനെ നിസംശയം പറയാം. സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും വസ്ത്രാലങ്കാരവിദഗ്ധനായും ടെലിവിഷൻ അവതാരകനായും കരൺ ബോളിവുഡിൽ തിളങ്ങാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടായി. ഷാരൂഖ് കരൺ ജോഹർ കോംമ്പോ പ്രേക്ഷകർക്ക് ആവേശമാണ്. മുൻ ബോളിവുഡ് സംവിധായകനായ യാഷ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനായ കരണിന് ചെറുപ്പം മുതൽ സിനിമയാണ് പ്രിയപ്പെട്ട ഇടം. അച്ഛൻ തുടങ്ങി വച്ച ധർമ്മ പ്രൊഡക്ഷൻസ് തന്നെയാണ് കരണിന്റെ നിർമ്മാണ കമ്പനി.ഒരുപാട് സംവിധായകരുടെ കൂടെ സഹസംവിധായകനായി ജോലിചെയ്തു. 1998 ൽ കുച്ച് കുച്ച് ഹോതാ ഹേ യിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞു. ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായി. ഫിലിം ഫെയർ അവാർഡുകൾ വാരിക്കൂട്ടി ആ ചിത്രം. ഷാരൂഖുമായുള്ള സൗഹൃദത്തിൽ ഒരുപാട് നല്ല സിനിമകൾ ജനിച്ചു. കഭി ഖുശി കഭി ഘം,കൽ ഹോ ന ഹോ,കാൽ,കഭി അൽവിദ ന കഹോ തുടങ്ങി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. പ്രമുഖ ചാനലിലെ കോഫി വിത്ത് കരൺ എന്ന അഭിമുഖ പരിപാടികൾ അദ്ദേഹത്തെ കൂടുതൽ പ്രശസ്തിയിലെത്തിച്ചു.