ഒരു പട്ടയിട്ടു, ചായ് ലാറ്റെ റെഡി, ഭേദം ബിരിയാണിയാണെന്ന് കമന്റ്
വാഷിംഗ്ടൺ: ഒരു ചായയുണ്ടാക്കുന്നത് അത്ര വലിയ സംഭവമാണോ? ആണെന്നാണ് വെബ്എം.ഡിയുടെ ട്വിറ്റർ പേജ് പറയുന്നത്. രണ്ട് ദിവസം മുമ്പാണ് വെബ് എം.ഡി തങ്ങളുടെ പേജിൽ പുതിയതരം ചായയെക്കുറിച്ച് കൊടുത്തത്.
'ചായ് ലാറ്റൈ എങ്ങനെയുണ്ടാക്കാം' എന്നായിരുന്നു തലക്കെട്ട്. അത് ഉണ്ടാക്കുന്ന രീതിയുടെ വീഡിയോയും പോസ്റ്റിനൊപ്പമുണ്ട്. നമ്മുടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ചായയെയാണ് പേരുമാറ്റി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കറുവാപ്പട്ട കൂടി ഇട്ടതോടെ മസാല ചായ, 'ചായ് ലാറ്റെ"യായി മാറി. സംഗതി വൈറലായി. നിരവധി പേർ ചായയെയും അതിലെ ന്യൂട്രീഷ്യൻ കണക്കുകളെയും അഭിനന്ദിക്കുമ്പോൾ വിമർശിക്കുന്നവരും കുറവല്ല. ഇതു നമ്മുടെ മസാല ചായയാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെക്കാൾ രുചി ബിരിയാണിക്കാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
പശുവിൻ പാലിൽ മേപ്പിൾ (ഒരു തരം സുഗന്ധവ്യഞ്ജനം) ചേർത്തവരെ എന്തുപറയാൻ എന്ന് ചോദിക്കുന്നവരും കുറവല്ല. പ്രൈസ് ടാഗ് ഇല്ലാത്ത ഈ ചായ പരസ്യം റിമൂവ് ചെയ്യണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും നമ്മുടെ മസാല ചായ ഇപ്പോഴങ്ങനെ ചായ് ലാറ്റെയായി കറങ്ങുകയാണ് സുഹൃത്തുക്കളെ കറങ്ങുകയാണ്.