പോക്സോ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും പിഴയും

Wednesday 30 September 2020 5:33 AM IST

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിടിച്ച് വീഴ്‌ത്തിയ ശേഷം കടന്നു പിടിച്ച യുവാവിനെ മൂന്ന് വർഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മാരാരിക്കുളം വടക്ക് എസ്.എൻ പുരം നികർത്തിൽ ബിജു (30) വിനെയാണ് ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി പി.എസ്.ശശികുമാർ ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2016 മേയ് 18ന് കഞ്ഞിക്കുഴി വനസ്വർഗം പള്ളിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പതിനാല് സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.