മദ്യലഹരിയിൽ പൊലീസ് വാഹനം എറിഞ്ഞ് തകർത്തു

Wednesday 30 September 2020 12:00 AM IST

കൊല്ലം: പൊതു സ്ഥലത്തെ മദ്യപാനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് വാഹനം എറിഞ്ഞ് തകർത്ത പ്രതികൾ പിടിയിൽ. 27ന് രാത്രി പത്തിന് ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ പൊതു സ്ഥലത്തിരുന്ന് സാമൂഹ്യവിരുദ്ധർ മദ്യപിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പൊലീസിനെ കണ്ട് ചിതറിയോടിയ സംഘം മറഞ്ഞിരുന്നാണ് വാഹനം എറിഞ്ഞുതകർത്തത്.

പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ പിൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. തുടർന്ന് ഒളിവിൽ പോയ നീണ്ടകരയിലെ ഓട്ടോ ഡ്രൈവർ ശക്തികുളങ്ങര കന്നിമേൽ സ്വദേശി വിനോദ് എന്ന് വിളിക്കുന്ന വിനീത് വിക്രമൻ (35), നീണ്ടകര പുത്തൻതുറയിലെ സ്വകാര്യ റസ്റ്റോറന്റിലെ ഷെഫ് ആലപ്പുഴ കൈനകരി സ്വദേശി വിനു എന്നു വിളിക്കുന്ന ആന്റണി (27) എന്നിവരെ കാവനാട്ട് നിന്ന് ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. ശക്തികുളങ്ങര സി.ഐ എസ്.ടി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിൽ അയച്ചു.