ദുർഗയായി ഫോട്ടോ ഷൂട്ട്; തൃണമൂൽ എം.പിക്ക് വധഭീഷണി
ന്യൂഡൽഹി: ദുർഗാദേവിയായി വേഷമിട്ട് ഫോട്ടോ ഷൂട്ട് നടത്തിയ ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. ദുർഗയായി വേഷമിട്ട് കൈയിൽ ത്രിശൂലവുമായി നിൽക്കുന്ന ചിത്രം നുസ്രത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് ന്യൂനപക്ഷ വിശ്വാസി ഹിന്ദുദൈവമായി വേഷം ധരിച്ചതും ചിത്രം പ്രചരിപ്പിച്ചതും ഇസ്ലാമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭീഷണിയെത്തിയത്. 'അള്ളാഹുവിനെ ഭയപ്പെടാത്ത നിങ്ങൾക്ക് മരണമാണ് കൂലി' എന്ന തരത്തിലുള്ള സന്ദേശങ്ങളും ഫോൺകോളുകളും ലഭിച്ചതായും നുസ്രത്ത് വെളിപ്പെടുത്തി.
നിലവിൽ ലണ്ടനിലുള്ള നുസ്രത്ത് വധഭീഷണിയുള്ളതിനാൽ അവിടെ സുരക്ഷ ഒരുക്കാൻ ഇന്ത്യൻ എംബസിയോട് നിർദ്ദേശിക്കണമെന്ന് ബംഗാൾ സർക്കാരിനോടും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വസ്ത്രശാലയുടെ പരസ്യത്തിനായാണ് നുസ്രത്ത് ദുർഗയുടെ വേഷം ധരിച്ചത്. ഹിന്ദുവിനെ വിവാഹം കഴിച്ചതിനും സിന്ദൂരം തൊട്ടതിനുമൊക്കെ നുസ്രത്ത് വിമർശനം നേരിട്ടിരുന്നു. ഭർത്താവുമൊത്ത് ദുർഗാപൂജയിൽ പങ്കെടുക്കുന്ന നുസ്രത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടിരുന്നു.
തൃണമൂലിന്റെ മറ്റൊരു എം.പിയും നടിയുമായ മിമി ചക്രബർത്തിയും നാടകത്തിൽ ദുർഗാ ദേവിയായി വേഷമിട്ടതിന് സമാനമായ ആക്രമണം നേരിട്ടിരുന്നു.