സമരം അവസാനിപ്പിക്കില്ല, ആൾക്കൂട്ടം ഒഴിവാക്കുന്നത് പരിഗണിക്കും: കെ. സുരേന്ദ്രൻ

Wednesday 30 September 2020 12:00 AM IST

ആലുവ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതിക്കുമെതിരായ സമരം അവസാനിപ്പിക്കില്ലെന്നും കൊവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് പരിശോധിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബറിൽ ദിവസേന 18,000 മുതൽ 20,000 വരെ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യുമെന്ന് മൂന്നു മാസം മുമ്പുതന്നെ സംസ്ഥാന ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. അന്ന് സമരം ആരംഭിച്ചിട്ടുണ്ടായിരുന്നി​ല്ല. രാജ്യവ്യാപകമായി നടക്കുന്ന കർഷകസമരം അവസാനിപ്പിക്കണമെന്നും ആരും പറയുന്നില്ല. വെഞ്ഞാറമൂട് സി.പി.എം നടത്തിയ വിലാപയാത്രയിൽ 6,000ത്തോളം പേർ പങ്കെടുത്തു. അതിനാൽ പ്രതിപക്ഷം സമരം നിറുത്തണമെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയോഗിച്ചതിന്റെ സാഹചര്യം വി. മുരളീധരനുമായി സുരേന്ദ്രൻ ചർച്ചചെയ്തതായാണ് സൂചന. ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും പങ്കെടുത്തു.