ആശുപത്രി വാതിലുകൾ അടയാൻ പാടില്ല
അഭിമാനകരമായ സേവനപാരമ്പര്യം പുലർത്തുന്ന ആശുപത്രികളിൽ നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേൾക്കാനിടയായ അതിദാരുണമായ ചില സംഭവങ്ങൾ വിഷമമുണ്ടാക്കുന്നതായി.ഏതുതരം രോഗികൾക്കും അഭയമാകേണ്ടവയാണ് ആതുരാലയങ്ങൾ. ചികിത്സ തേടി അവിടങ്ങളിൽ എത്തുന്ന രോഗികളെ നിഷ്കരുണം പറഞ്ഞുവിടുന്നതിൽപ്പരം പാപം വേറെയില്ല. വിദഗ്ദ്ധ ഡോക്ടർമാരുടെ അഭാവം കൊണ്ടോ മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടോ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാം. എന്നാൽ അങ്ങനെയുള്ള സന്ദർഭങ്ങളിലും അത്യാവശ്യം വേണ്ട പ്രാഥമിക ചികിത്സ നൽകി രോഗിയെ സുരക്ഷിതമായി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പറഞ്ഞുവിടാനുള്ള ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിൽ പ്രസവ വേദനയുമായി ആശുപത്രികൾ തോറും അലയേണ്ടിവന്ന യുവതിയുടെ കരളലിയിപ്പിക്കുന്ന അനുഭവം സംസ്ഥാനമൊട്ടാകെ ഇന്നു ചർച്ചാ വിഷയമാണ്. പതിന്നാലു മണിക്കൂർ നീണ്ട അലച്ചിലിനൊടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തേണ്ടിവന്നു ചികിത്സ ലഭിക്കാൻ. സിസേറിയൻ നടന്നെങ്കിലും ഗർഭത്തിലുണ്ടായിരുന്ന ഇരട്ടക്കുട്ടികൾ മരണമടഞ്ഞിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിലാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയടക്കം യുവതിയെ നിഷ്കരുണം പറഞ്ഞുവിട്ടത്. അതീവ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടും പരിചരണം നൽകാൻ വിസമ്മതിച്ച ആശുപത്രികളുടെ നിസ്സംഗ സമീപനത്തിന് എവിടെയും എപ്പോഴും സാധാരണക്കാരാണ് ഇരകളാകുന്നത്. ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ആരോഗ്യവകുപ്പ് നടപടി എടുത്തിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷാനടപടി ഉണ്ടായാൽ പോലും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദമ്പതികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തീരാവേദന ഇല്ലാതാക്കാൻ ആർക്കും സാദ്ധ്യമല്ല.
മഞ്ചേരിയിലെസംഭവം മനുഷ്യമനസാക്ഷിയിൽ ഏല്പിച്ച മുറിവ് അതേപടി നിൽക്കുന്നതിനിടയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. വീണു തലപൊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗൃഹനാഥനെ ചികിത്സ കഴിഞ്ഞ് വിട്ടയയ്ക്കുന്നത് ദേഹമാസകലം പുഴുവരിച്ച നിലയിലാണ്. ആശുപത്രിവാസത്തിനിടെ കൊവിഡും പിടിപെട്ട രോഗിക്ക് ഈ ദുർഗതിയുണ്ടായത് കൊവിഡ് വാർഡിലെ താമസത്തിനിടയ്ക്കാണത്രെ. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് രോഗിയുടെ അത്യന്തം ദയനീയമായ അവസ്ഥ വീട്ടുകാരുടെ കണ്ണിൽപ്പെടുന്നത്. തുടർന്ന് രോഗിയെ വീണ്ടും ആശുപത്രിയിലാക്കിയിരിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ വീഴ്ച വരുത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
മാനവികതയ്ക്കും വൈദ്യവൃത്തിക്കും നിരക്കാത്ത ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ജനരോഷം തണുപ്പിക്കാൻ കൈക്കൊള്ളുന്ന സാധാരണ നടപടി എന്നതിനപ്പുറം ഇത്തരം അന്വേഷണങ്ങൾക്ക് പ്രസക്തിയൊന്നുമില്ല. പിഴവും വീഴ്ചയുമുണ്ടായാൽ നിർദ്ദാക്ഷിണ്യ നടപടി നേരിടേണ്ടിവരുമെന്നു വന്നാലേ സ്ഥിതി അല്പമെങ്കിലും മാറുകയുള്ളൂ.മെഡിക്കൽ കോളേജ് വളപ്പിൽത്തന്നെയുള്ള എസ്.എ.ടി ആശുപത്രിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ച സംഭവം ഉണ്ടായി. ആശുപത്രി വാർഡുകളിൽ ഇതുപോലുള്ള ദുരനുഭവങ്ങൾ സർവ്വസാധാരണമായതിനാൽ അധികമാരും പരാതിപ്പെടാറില്ലെന്നു മാത്രം.
സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് പ്രാമുഖ്യം നൽകിത്തുടങ്ങിയതോടെ മറ്റു രോഗികൾ ചികിത്സ തേടി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണിപ്പോൾ. സ്വകാര്യ മേഖലയിലുൾപ്പെടെ സംസ്ഥാനത്തെ സകല ആശുപത്രികളും കർക്കശമായ പ്രതിരോധ നടപടികളുടെ ഭാഗമായി ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പോലും ചികിത്സ ലഭിക്കാൻ വളരെയധികം ക്ളേശിക്കേണ്ടിവരുന്നു. സാധാരണ രോഗികൾക്കായി എല്ലാ ആശുപത്രികളിലും സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ കർശനമായ നിർദ്ദേശമുണ്ട്. ഇതു പാലിക്കാൻ പലരും തയ്യാറാകുന്നില്ലെന്നു മാത്രം.
കൊവിഡ് ചികിത്സയിലും പരിചരണത്തിലും സംസ്ഥാനം രാജ്യത്തിനാകെ മാതൃകയായിരുന്നു. രോഗവ്യാപനം കുതിച്ചുയർന്നതോടെയാണ് അവിടവിടെ ചില വീഴ്ചകൾ കാണാൻ തുടങ്ങിയത്. അത്തരത്തിലൊരു സ്ഥിതി തുടരാൻ അനുവദിക്കരുത്. വിശ്രമിക്കാൻ പോലും പോകാതെ കൊവിഡ് വാർഡുകളിൽ ഡ്യൂട്ടിചെയ്യുന്ന അനവധി ഡോക്ടർമാരും മറ്റു ജീവനക്കാരുമുണ്ട്. ഇവരുടെ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത്രയധികം കടപ്പാടാണ് സമൂഹത്തിന് ഇവരോടുള്ളത്. അതേസമയം കൂട്ടത്തിലുള്ള ചില 'കറുത്ത ആടുകൾ" സൃഷ്ടിക്കുന്ന പേരുദോഷം ആരോഗ്യവകുപ്പിനാകെ കളങ്കമുണ്ടാക്കുന്നു.
കൊവിഡ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി എത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ വിപുലമാക്കേണ്ടതുണ്ട്. അർദ്ധരാത്രികളിൽ പോലും രോഗികളെ ചികിത്സ നിഷേധിച്ചു പറഞ്ഞുവിടുന്ന സംഭവങ്ങൾ സംസ്ഥാനത്തെമ്പാടും കാണുന്നുണ്ട്. ഈ പ്രവണത തടയാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ. രോഗിയുമായി ബന്ധുക്കൾ ആശുപത്രികൾ തോറും കയറിയിറങ്ങേണ്ട സങ്കടകരമായ സ്ഥിതി ഒഴിവാക്കുകതന്നെ വേണം.
കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച വീട്ടമ്മയുടെ ജഡം സ്വകാര്യ ആശുപത്രിയിൽ അനാഥമായി 14 മണിക്കൂർ കിടന്ന മറ്റൊരു ദാരുണ സംഭവത്തെക്കുറിച്ചും വാർത്ത വന്നിരുന്നു. തിരുവനന്തപുരത്ത് മണ്ണന്തല മരുതൂരിലെ ആശുപത്രിയിലായിരുന്നു ഇത്. ജഡം ഏറ്റുവാങ്ങാൻ വർക്കലയിലെയും തിരുവനന്തപുരത്തെയും നഗരസഭാ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്നായിരുന്നു ഇത്. അധികാര പരിധിയെച്ചൊല്ലിയുള്ള തർക്കത്തിലാണ് ജഡം അനാഥമായത്. ഒടുവിൽ ഏറെ വൈകി വർക്കല നഗരസഭ തന്നെ കരുണ കാണിച്ചു. അതീവ ദുർഘടമായ ഘട്ടത്തിലൂടെ രാജ്യവും ജനങ്ങളും കടന്നുപോകുമ്പോൾ ഇതുപോലുള്ള മനുഷ്യത്വമില്ലായ്മ കാണേണ്ടിവരുന്നത് വല്ലാത്ത ദുർവിധിയാണ്.