സമരങ്ങൾ തുടരും: ബി.ജെ.പി

Wednesday 30 September 2020 12:30 AM IST

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലും അഴിമതിക്കേസുകളിലും സർക്കാരിനെതിരെ സമരം ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രാദേശികതലങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

യുവാക്കളെയും സ്ത്രീകളെയും സാധാരണക്കാരെയും കൂടുതൽ അണിനിരത്തി സമരം വ്യാപകമാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പങ്കാളിത്തം നിശ്ചയിക്കുക.

സമരങ്ങളിൽ എൽ.ഡി.എഫ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കർഷക ബില്ലിന്റെ പേരിൽ സമരം നടത്തുന്നവരാണ് ഇവിടെ പാടില്ലെന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലും സി.പി.എം നേതാക്കളുടെ സംസ്കാര ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല. സി.പി.എമ്മിന് ഒരു നയവും പ്രതിപക്ഷത്തിന് മറ്റൊരു നയവുമെന്നത് അംഗീകരിക്കില്ല.

പ്രോട്ടോക്കോൾ പാലിക്കാൻ സി.പി.എം ആദ്യം തയ്യാറാകണം. നിലവിലെ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ സ്ഥലങ്ങളിൽ കുറച്ച് ആളുകൾ പങ്കെടുക്കുന്ന സമരമാണ് നടത്തുക. സമരത്തിൽ നിന്ന് യു.ഡി.എഫ് പിന്മാറിയത് എൽ.ഡി.എഫുമായി ഒത്തുകളിച്ചാണ്.

പാർട്ടി ദേശീയതല ഭാരവാഹികളെ നിശ്ചയിച്ചത് സംബന്ധിച്ച് ആരും വിമർശനം ഉന്നയിച്ചില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ പൂർണതോതിൽ അംഗീകരിക്കും. ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നെന്നത് മാദ്ധ്യമസൃഷ്ടിയാണ്. അതിനോട് പ്രതികരിക്കാനില്ല. ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ എന്നിവർ പങ്കെടുത്തില്ല. ക്വാറന്റൈനിലായതിനാലാണ് കൃഷ്ണദാസ് പങ്കെടുക്കാത്തത്. യാത്രബുദ്ധിമുട്ട് മൂലമാണ് രാജഗോപാൽ വരാതിരുന്നത്.