82ൽ സുനന്ദാമ്മയ്‌ക്ക് ' ലൈഫ് '
തിരുവനന്തപുരം: മഴയും കാറ്റും മാറി മാറി പരീക്ഷിച്ചിരുന്ന കുടിലിൽ നിന്ന് ലൈഫ് മിഷൻ നൽകിയ പുത്തൻ വീട്ടിലേക്ക് സുനന്ദാമ്മയും ഈ 82-ാം വയസിൽ ചുവടുവയ്ക്കുകയാണ്. ഓലയും ടാർപ്പോളിൻ ഷീറ്റും വച്ച് കെട്ടിയ കുടിലിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒറ്റയ്ക്ക് കഴിഞ്ഞ സുനന്ദാമ്മയെക്കുറിച്ച് നാട്ടുകാർക്കെല്ലാം ആശങ്കയായിരുന്നു. ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിലായിരുന്നു വീട്. ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. സ്വപ്നവീടിന്റെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർ കെ. ശ്രീകുമാറും ചേർന്ന് കൈമാറുമ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്ന വലിയൊരു സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു അവർ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നൽകിയ 4 ലക്ഷം രൂപയും വേൾഡ് മലയാളി കൗൺസിൽ സഹായമായി നൽകിയ 3 ലക്ഷം രൂപയും ചെലവഴിച്ചാണ് കുളത്തൂർ വാർഡിലെ പാവയിൽ വീട്ടിൽ സുനന്ദാമ്മയ്ക്ക് 550 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണത്തിൽ വീടൊരുക്കിയത്. വീടൊരുക്കാൻ കുളത്തൂർ വാർഡിലെ സന്നദ്ധം സജീവത്തിന്റെ വോളന്റിയർമാരും സജീവമായി രംഗത്തുണ്ടായിരുന്നു. വീടിന്റെ താക്കോൽ ദാന ചടങ്ങിൽ കൗൺസിലർ എസ്. ശിവദത്തും പങ്കെടുത്തു.