ശാന്തികൂടീരത്തിൽ ഇനി അന്ത്യവിശ്രമം
പാലോട്: ഉറ്റവരുടെ മൃതദേഹം മറവുചെയ്യാൻ മണ്ണില്ലാതെ വീടിന്റെ അടുക്കളയും ഉമ്മറവും വരെ വെട്ടിപ്പൊളിക്കാൻ വിധിയ്ക്കപ്പെട്ട അനേകം പേർ. നാടിനൊരു പൊതുശ്മശാനം വേണമെന്ന ഏറെക്കാലമായുള്ള ആവശ്യം.......
അനുഭവങ്ങൾക്കും ആവശ്യങ്ങൾക്കും അനന്തരം ജില്ലാ പഞ്ചായത്തിന്റെ കരുതലിൽ പാലോട്ട് ശാന്തികുടീരമൊരുങ്ങി. ജില്ലാപഞ്ചായത്ത് രണ്ടരക്കോടി രൂപയോളം ചിലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട് മുക്കാംതോടിൽ നിർമിച്ച ശാന്തികുടീരം ഉദ്ഘാടനത്തിന് ഒരുങ്ങി. നാളെ വൈകിട്ട് 55ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനാകും. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയാകുന്ന യോഗത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
മാനവികതയുടെ പര്യായമായി
തട്ടത്തുമല മാമ
മലയോര നാടിന്റെ എക്കാലത്തെയും അടിസ്ഥാന ആവശ്യമായ പൊതുശ്മശാനം യാഥാർത്ഥ്യമാകുമ്പോൾ മനസു നിറയെ നന്ദിയുമായൊരാളുണ്ട്. ഇത്തിരിപ്പോന്ന കിടപ്പാടങ്ങളിൽ അടക്കം ചെയ്യാനിടമില്ലാതെ വിഷമിച്ചവർക്ക് സ്വന്തം ഭൂമിയിലിടം നൽകി, മാനവികതയെന്ന വാക്കിനെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മനുഷ്യസ്നേഹി. എക്സ്കോളനി സ്വാമി നഗറിൽ എഴുപത്തിയഞ്ചുകാരനായ ജലാലുദ്ദീൻ എന്ന തട്ടത്തുമല മാമ.
ശാന്തികുടീരത്തിലെ സൗകര്യങ്ങൾ
ഗേറ്റും പൂന്തോട്ടവും ഓഫീസും അന്തിമോപചാരം അർപ്പിക്കാനുള്ള സ്ഥലവും ദഹിപ്പിക്കാനുള്ള കെട്ടിടവും ചേർന്നതാണ് ശാന്തികുടീരം. ഗ്യാസിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. സ്ഥലത്തേക്ക് എത്തിച്ചേരാൻ അകെയുണ്ടായിരുന്ന നടവരമ്പിനെ സൈഡ് വാൾ കെട്ടി ആറ് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡാക്കി. രണ്ടര ലക്ഷത്തോളം ചെലവഴിച്ച് വൈദ്യുതിയും ലഭ്യമാക്കി. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട്, പനവൂർ, പാങ്ങോട് പഞ്ചായത്തുകളിലുള്ളവർക്ക് ശാന്തികുടീരം സഹായകമാകും.
പദ്ധതിക്ക് ചെലവഴിച്ചത് - 2 കോടി 50 ലക്ഷം