കൊവിഡ് മരണം: ഇന്ത്യ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്

Wednesday 30 September 2020 12:13 PM IST

വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് രാജ്യത്ത് എത്രപേർ മരിച്ചുവെന്ന് വ്യക്തമായ കണക്കുകൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശരിയായ കണക്കുകൾ പുറത്തുവിടാത്ത മറ്റുരാജ്യങ്ങൾ റഷ്യയും ചൈനയുമാണെന്നും അദ്ദേഹം പറഞ്ഞു .

അമേരിക്കയിലെ കൊവിഡ് ബാധയെ പരാമർശിച്ച് ട്രംപിനെ കടന്നാക്രമിച്ച എതിർസ്ഥാനാർത്ഥി ജോ ബൈഡന് മറുപടിപറയുമ്പോഴായിരുന്നു ട്രംപിന്റെ ഇന്ത്യക്കെതിരായ പരാമർശം. 'കൊവിഡ് മരണത്തെക്കുറിച്ച് പറയുമ്പോൾ ചൈനയിൽ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്ക് അറിയില്ല.റഷ്യയിലോ ഇന്ത്യയിലോ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ല.അവർ കൃത്യമായ കണക്കുകൾ നൽകാത്തതുതന്നെ കാരണം'-ട്രംപ് പറഞ്ഞു. കൊവിഡ് ലോകത്താകെ വ്യാപിക്കാൻ കാരണം ചൈനയുടെ പിശകാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും തമ്മിലുളള ആദ്യ സംവാദമാണ് കഴിഞ്ഞദിവസം നടന്നത്. ഇനി രണ്ട് സംവാദങ്ങൾ കൂടി ബാക്കിയുണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഇല്ലാത്തവരെ ഇത്തരം സംവാദങ്ങൾ നന്നായി സ്വാധീനിക്കാറുണ്ട്. അതിനനുസരിച്ചാണ് ആർക്ക് വോട്ട്ചെയ്യണമെന്ന് അവർ തീരുമാനിക്കുന്നത്. സാധാരണ സംവാദങ്ങളിൽ കാഴ്ചക്കാരായി വൻ ജനാവലിയാണ് ഉണ്ടാകുന്നത്. എന്നാൽ ഇത്തവണ വളരെ കുറച്ചുപേർ മാത്രമാണ് എത്തിയിരുന്നത്.