തലസ്ഥാനത്തെ കഞ്ചാവ് കടത്ത് സൂത്രധാരൻ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി

Wednesday 30 September 2020 1:05 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കഞ്ചാവ് കടത്തും മൊത്തക്കച്ചവടവും നിയന്ത്രിക്കുന്നത് കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതിയാണെന്ന സൂചന എക്സൈസിന് ലഭിച്ചു. കുപ്രസിദ്ധ ഗുണ്ടാനേതാവിനൊപ്പം അയാളുടെ പഴയ കൂട്ടാളിയെ നടുറോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളാണ് അഴിക്കുള്ളിലിരുന്ന് മൊബൈൽ ഫോൺ മുഖാന്തിരം നഗരത്തിൽ കഞ്ചാവ് കച്ചവടം ചെയ്യുന്നതത്രേ. മൊബൈൽഫോൺ കോളുകളുടെ വിശദാംശങ്ങളും പണമിടപാട് സംബന്ധിച്ച തെളിവുകളും ശേഖരിച്ചശേഷം ഇയാളെ ക‌േസിൽ പ്രതിയാക്കാനാണ് എക്സൈസിന്റെ നീക്കം. കഴിഞ്ഞയാഴ്‌ച ബാലരാമപുരത്തുനിന്ന്‌‌ കാറിൽകൊണ്ടുവന്ന 203 കിലോ കഞ്ചാവ്‌ പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് ജീവപര്യന്തക്കാരൻ നഗരത്തിൽ ഇപ്പോഴും സജീവമായ തന്റെ ഗുണ്ടാസംഘത്തിലുള്ള ക്രിമിനലുകളുടെ സഹായത്തോടെ കഞ്ചാവ് വിൽക്കുന്ന വിവരം പുറത്തായത്. സംഘത്തിലെ പ്രധാന കണ്ണിയായ കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക് സ്വദേശി സിദ്ധാർഥിനെ (22) ചോദ്യം ചെയ്തപ്പോഴാണ് അതിസുരക്ഷാ ജയിലിന്റെ അഴിക്കുള്ളിലിരുന്ന് കൊലക്കേസ് പ്രതി നടത്തിയ കഞ്ചാവിന്റെ മൊത്തക്കച്ചവടം എക്സൈസ് ഉദ്യോഗസ്ഥരെ ‌ഞെട്ടിച്ചത്.

ബാലരാമപുരത്ത് കഞ്ചാവുമായി കാറുകൾ എക്സൈസിന്റെ പിടിയിലായ വിവരം ആദ്യം അറിഞ്ഞതും വിയ്യൂ‌ർ ജയിലിലെ ഗുണ്ടാത്തലവനാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവും ആഡംബരകാറുകളും പിടിക്കപ്പെട്ടെങ്കിലും തന്റെ കൂട്ടാളികൾ കുടുങ്ങാതിരിക്കാനും രക്ഷപ്പെടുത്താനും ഇരുമ്പഴിക്കുള്ളിൽ കിടന്ന് ഗുണ്ടാനേതാവ് പരിശ്രമിച്ചതിന്റെ എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ചില്ലറ കച്ചവടക്കാരും മൊത്തവിതരണക്കാരുമായുള്ള എല്ലാവരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തന്റെ പേര് പുറത്ത് വരാതിരിക്കാനും ഇയാൾ പയറ്റിയ തന്ത്രങ്ങൾ എക്സൈസിന് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. കഞ്ചാവ് കേസിൽ ഇനി പിടിയിലാകാനുള്ള മറ്റ് പ്രതികളുമായെല്ലാം കൊലക്കേസ് പ്രതി ആശയവിനിമയം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ജയിലിൽ കിടന്നുകൊണ്ട് പലരുടെയും ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഇയാൾ തന്റെ സംഘത്തിൽപ്പെട്ട

ക്രിമിനലുകളെ ഉപയോഗിച്ച് ഇപ്പോഴും ആളുകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്നുണ്ടെന്നും വിവരവും എക്സൈസിന് ലഭിച്ചു.

ജയിലിൽ കിടന്ന് വിരട്ടും

തിരുവനന്തപുരത്തെ വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട് ആന്ധ്രയിലേക്കും ബംഗളൂരുവിലേക്കും താമസം മാറ്റിയ അലൻപൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവരുടെ കൂട്ടാളിയാണ്‌

ഇന്നലെ അറസ്റ്റിലായ സിദ്ധാർത്ഥ്. ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള മയക്കുമരുന്ന് വ്യാപാരത്തിലെ തിരുവനന്തപുരത്തെ പ്രധാന കണ്ണിയായിരുന്നു ഇയാൾ. ഭീഷണിപ്പെടുത്തി കഞ്ചാവ് കച്ചവടക്കാരിൽനിന്ന്‌ പറഞ്ഞുറപ്പിച്ച പണം വാങ്ങാനും കൊണ്ടുവന്ന കഞ്ചാവ് നിർബന്ധിച്ച് കച്ചവടം ചെയ്യിക്കാനും സിദ്ധാർത്ഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഗുണ്ടാ സംഘവും പ്രവർത്തിച്ചിരുന്നു. ന്യൂജെൻ മയക്കുമരുന്നുകളും എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയവയുടെ വ്യാപാരവും ഇവർക്കുണ്ട്‌. ഇവരുടെ ഭീഷണികൾക്ക് വഴങ്ങാത്തവരെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി വിളിച്ചുവിരട്ടി വരുതിയിലാക്കും. കാമറയും അതിസുരക്ഷാ ഉപകരണങ്ങളുമുണ്ടെന്ന് ജയിൽവകുപ്പ് അവകാശപ്പെടുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്ന് ഗുണ്ട മൊബൈൽഫോൺവഴി തലസ്ഥാന നഗരത്തിലെ കോടികളുടെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചതായ വിവരം പുറത്തായതോടെ സംസ്ഥാനത്തെ ജയിൽസുരക്ഷയുടെ പൊള്ളത്തരങ്ങൾകൂടിയാണ് പുറത്താകുന്നത്. തലസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെല്ലാം വിയ്യൂരിൽ ഇടയ്ക്കിടെയെത്തി കഞ്ചാവ് കച്ചവടക്കാരനായ കൊലക്കേസ് പ്രതിയെ കാണാറുണ്ടായിരുന്നതായും സൂചനയുണ്ട്. കേസുകളുടെ ആവശ്യത്തിനും തന്റെ വ്യക്തിപരമായ കാര്യങ്ങൾക്കും ജയിലിൽ കിടന്നുകൊണ്ട് കൊലക്കേസ് പ്രതി സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതായ വിവരവും പുറത്ത് വരുന്നുണ്ട്. ജയിൽ - എക്സൈസ് വകുപ്പുകളുടെ അന്വേഷണത്തിൽ വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകും.