സിദ്ദിഖ് എന്ന അതുല്യനടൻ

Thursday 01 October 2020 4:30 AM IST

അഭിനയരംഗത്ത് 35 വർഷം പിന്നിടുന്ന സിദ്ദിഖിന് ഇന്ന് 58-ാം പിറന്നാൾ.

വിശേഷണങ്ങൾ ആവശ്യമില്ലാത്ത നടനാണ് സിദ്ദിഖ്. കയ്യാളുന്ന കഥാപാത്രങ്ങളിലേക്ക് തന്റെ ഹൃദയം സന്നിവേശിപ്പിക്കാനുള്ള സിദ്ധിയുണ്ട് സിദ്ദിഖിന്.

ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, സന്ദേശം, അയലത്തെ അദ്ദേഹം, തിരുത്തൽവാദി, വാത്സല്യം, ഏകലവ്യൻ, ലേലം, അസുരവംശം, സത്യമേവ ജയതേ, വല്ല്യേട്ടൻ, കണ്ണകി, ചൂണ്ട, നാട്ടുരാജാവ്, ബെൻ ജോൺസൺ, നരൻ, ദ ടൈഗർ, പ്രജാപതി, ഛോട്ടാ മുംബൈ, അലിഭായ്, ഹലോ, അണ്ണൻതമ്പി, ചട്ടമ്പിനാട്, പോക്കിരിരാജ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഉസ്താദ് ഹോട്ടൽ, ദൃശ്യം, മൈലാഞ്ചി മൊഞ്ചുള്ള വീട്, അമർ അക്‌ബർ അന്തോണി, സൺഡേ ഹോളിഡേ, രാമലീല, സി.ഐ.എ, മിഖായേൽ,സ്വപാനം ... സിദ്ദിഖിന്റെ കൈയൊപ്പ് പതിഞ്ഞ അഭിനയ പാടവം വെളിവാക്കുന്ന സിനിമകളുടെ എണ്ണം തിട്ടപ്പെടുത്താൻ പാടാണ്.

1985-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആ നേരം അല്പദൂരം എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് അഭിനയരംഗത്ത് തുടക്കമിടുന്നത്. 1987ൽ പുറത്തിറങ്ങിയ ജോഷിയുടെ മമ്മൂട്ടിച്ചിത്രം ന്യൂഡൽഹിയിലാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ലഭിച്ചത്. ജിതേന്ദ്രയെ നായകനാക്കി ജോഷി ഒരുക്കിയ ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിലും സിദ്ദിഖ് അഭിനയിച്ചു. സുരേഷ് ഗോപി, വിജയരാഘവൻ, ദേവൻ, ത്യാഗരാജൻ, സുമലത, ഉർവശി തുടങ്ങിയവരാണ് മലയാളത്തിലെ അതേ കഥാപാത്രങ്ങൾ ഹിന്ദിയിലും അവതരിപ്പിച്ച മറ്റ് താരങ്ങൾ.

സിദ്ദിഖിന്റെ കരിയറിൽ ബ്രേക്കായത് സിദ്ദിഖ്‌ ലാൽ ടീമിന്റെ ഇൻ ഹരിഹർ നഗറാണ്. ആ ചിത്രത്തിലെ സിദ്ദിഖിന്റെ ഗോവിന്ദൻകുട്ടിയെപ്പറ്റി വേലക്കാരൻ പറയുന്നൊരു ഡയലോഗുണ്ട് : ''ഗോവിന്ദൻകുട്ടി സാറിന്റെ ടൈം ബെസ്റ്റ് ടൈം" എന്ന്.

സിദ്ദിഖിന്റെയും നല്ല സമയം അവിടെ തുടങ്ങുകയായിരുന്നു. ഇൻ ഹരിഹർ നഗറിന്റെ ചുവട് പിടിച്ച് അക്കാലത്ത് വന്ന നാൽവർ സംഘ സിനിമകളിൽ പലതിലും സിദ്ദിഖ് നാല് നായകന്മാരിലൊരാളായി.

മൂക്കില്ലാരാജ്യത്ത്, മിമിക്സ് പരേഡ്, ഇരിക്കൂ എം.ഡി അകത്തുണ്ട്, ഇന്നത്തെ പ്രോഗ്രാം, പണ്ട് പണ്ടൊരു രാജകുമാരി, പ്രിയപ്പെട്ട കുക്കു, തിരുത്തൽവാദി, അദ്ദേഹം എന്ന ഇദ്ദേഹം, മുഖമുദ്ര, മിസ്റ്റർ ആൻഡ് മിസിസ്, കിന്നരിപ്പുഴയോരം.

നാല് നായകന്മാരിലും ഇരട്ട നായകന്മാരിലൊരാളുമായി പതിയെ മുൻനിരയിലേക്കെത്തിയ സിദ്ദിഖിന് മാദ്ധ്യമങ്ങൾ ഒരു വിളിപ്പേര് നൽകി. ''പാവങ്ങളുടെ മമ്മൂട്ടി."

''ഇതിലിപ്പോ ആരാ പാവങ്ങൾ? ഞാനാണോ എന്നെ വച്ച് സിനിമയെടുക്കുന്ന നിർമ്മാതാക്കളാണോ" സി​ദ്ദി​ഖ് ആ വി​ശേഷണത്തെ തമാശ കൊണ്ട് മറി​കടന്നു.

ചി​രിവേഷങ്ങളുടെ പതി​വ് വഴി​യി​ൽ നി​ന്ന് വി​ല്ലൻ വേഷങ്ങളി​ലേക്കും ക്യാരക്ടർ വേഷങ്ങളി​ലേക്കും സി​ദ്ദി​ഖ് ചുവടുമാറ്റി​. ആ വേഷപ്പകർച്ചകൾ കണ്ട് പ്രേക്ഷകൻ കൈയടി​യോടെ പറഞ്ഞു: ''അയാളൊരു നടനാണ്.."

സത്യമേവ ജയതേയാണ് സിദ്ദിഖിലെ പ്രതിനായകനെ ആദ്യമായി ആഘോഷിച്ച സിനിമ. സുരേഷ് ഗോപിയെ നായകനാക്കി വിജിതമ്പി സംവിധാനം ചെയ്ത ആ ചിത്രത്തിലെ ബാലസുബ്രഹ്മണ്യമെന്ന ബാലുഭായ് സിദ്ദിഖിന്റെ പുതിയ മുഖമാണ് വെളിവാക്കിയത്.ഷാജി എൻ.കരുൺ സംവിധാനം ചെയ്ത സ്വപാനത്തിലെ സിദ്ധിഖിന്റെ അഭിനയം അവിസ്മരണീയമായിരുന്നു.

നന്ദനം, ബഡാദോസ്ത് എന്നീ ചിത്രങ്ങൾ നിർമ്മിച്ച സിദ്ദിഖ് ചിന്താവിഷ്ടയായ ശ്യാമളയുടെ വിതരണക്കാരനുമായിരുന്നു.

വിവിധ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിലഭിനയിച്ച സിദ്ദിഖ് ചില ടെലിസീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.